'പങ്കാളി മുസ്‌ലിം, കോണ്‍ഗ്രസ് നേതാവിന്റെ വസതി പാകിസ്ഥാന്റെ പകുതി'; വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ
national news
'പങ്കാളി മുസ്‌ലിം, കോണ്‍ഗ്രസ് നേതാവിന്റെ വസതി പാകിസ്ഥാന്റെ പകുതി'; വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th April 2024, 8:58 pm

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ ബി.ജെ.പിക്കെതിരെ ചോദ്യമുയര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവുവിനെ അധിക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യത്നാല്‍. കോണ്‍ഗ്രസ് നേതാവിന്റെ പങ്കാളി മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയായതിനാല്‍ റാവുവിന്റെ വസതി പാകിസ്ഥാന്റെ പകുതിയാണെന്ന് യത്നാല്‍ പറഞ്ഞു.

സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ബി.ജെ.പി നേതാവിനെ കുറിച്ച് ദിനേശ് ഗുണ്ടു റാവു ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ വിദ്വേഷ പ്രസ്താവന. പരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പി എം.എല്‍.എക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

‘ഗുണ്ടു റാവുവിന്റെ വീട്ടില്‍ പാകിസ്ഥാനിയുണ്ട്. അതുകൊണ്ട് തന്നെ ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് അദ്ദേഹത്തിന് ശീലമായി,’ എന്നാണ് എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ പറഞ്ഞത്.

അതേസമയം യത്‌നാലിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി. ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശം വിലകുറഞ്ഞതും അപകീര്‍ത്തികരവുമാണെന്നും ഗുണ്ടു റാവു പ്രതികരിച്ചു. താന്‍ ഒരുപക്ഷെ മുസ്‌ലിം ആയി ജനിച്ചേക്കാമെന്നും എന്നിരുന്നാലും തന്റെ ഭാരതീയതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും റാവു എക്‌സില്‍ കൂട്ടിച്ചേര്‍ത്തു.

യത്‌നാലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദക്കും നടപടി സ്വീകരിക്കാന്‍ കഴിയുമോയെന്നും ഗുണ്ടു റാവു ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഗുണ്ടു റാവുവിന്റെ പ്രതികരണം.

Content Highlight: BJP MLA insults Congress leader Dinesh Gundu Rao in karnataka