അഗര്‍ത്തല: ത്രിപുര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ. അഗര്‍തല മണ്ഡലത്തില്‍ നിന്നുമുള്ള സുദീപ് റോയി ബര്‍മന്‍ ആണ് ത്രിപുരയില്‍ ജനാധിപത്യമില്ലെന്നും ജനങ്ങള്‍ക്ക് ശ്വാസം മുട്ടുന്നുവെന്നും വിമര്‍ശനമുന്നയിച്ചത്.
2019 ല്‍ ആരോഗ്യവകുപ്പ് മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ബര്‍മന്‍ ജനങ്ങളുടെ അഭിപ്രായം മാനിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പറഞ്ഞു. 2023 ലാണ് ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
‘സംസ്ഥാനത്ത് ജനാധിപത്യത്തിന്റെ ഒരു തരിപോലും ഇല്ല. ജനാധിപത്യ ഓക്സിജന്‍ തീര്‍ന്നതിനാല്‍ ആളുകള്‍ക്ക് ശ്വാസം മുട്ടുകയാണ്,’ബര്‍മന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബര്‍മനും അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ആശിഷ് ഷായും മറ്റ് അനുയായികളും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സന്ദര്‍ശനം നടത്തുകയാണ്. സി.പി.ഐ.എമ്മിനെ താഴെയിറക്കി ബി.ജെ.പിയെ അധികാരത്തിലെത്താന്‍ സഹായിച്ചവരെയാണ് താന്‍ സന്ദര്‍ശിക്കുന്നതെന്ന് ബര്‍മന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
‘ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദം കേട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ ശബ്ദം ഇടറിയിരിക്കുകയാണ്. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റാത്തതിനാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ആളുകള്‍ മടുത്തു,’ ബര്‍മന്‍ പറഞ്ഞു.
അതേസമയം ബര്‍മന്റെ നീക്കങ്ങള്‍ പാര്‍ട്ടി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സമയമാകുമ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബി.ജെ.പി വക്താവ് നബേന്ദു ഭട്ടാചാര്യ പറഞ്ഞു.
2017 ലാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബര്‍മന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അഞ്ച് തവണ എം.എല്‍.എയായിരുന്ന ബര്‍മന്‍ നേരത്തെ പ്രതിപക്ഷ നേതാവും ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു.
‘ബി.ജെ.പിയിലെ ശത്രുക്കള്‍’ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് 2019 ജൂണില്‍ അദ്ദേഹത്തെ ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്.