ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ സംസ്ഥാനം ഒത്തുകളിച്ചെന്ന ആരോപണവുമായി ബി.ജെ.പി എം.എല്‍.എ പൗലിയന്‍ലാല്‍ ഹയോകിപ്. വംശീയ -വര്‍ഗീയ കലാപമായി തുടങ്ങിയ ആക്രമണത്തെ പിന്നീട് നാര്‍ക്കോ ഭീകരര്‍ക്കെതിരായി മുഖ്യമന്ത്രി ചിത്രീകരിച്ചത് ഒത്തുകളിയുടെ തെളിവാണെന്ന് ഇന്ത്യ ടുഡേയില്‍ പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളില്‍ അദ്ദേഹം എഴുതി.
കുകികളുള്ള ജില്ലകള്‍ക്ക് പ്രത്യേക ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ബിരേന്‍സിങ്ങിന് കത്തയച്ച പത്ത് എം.എല്‍.എമാരില്‍ ഒരാളാണ് പൗലിയന്‍ലാല്‍ ഹയോകിപ്. ആക്രമണം നടത്തുന്നത് മെയ്തി സമുദായക്കാര്‍ ആണെന്നും ബി.ജെ.പി സര്‍ക്കാര്‍ ഇവരെ പിന്തുണക്കുകയാണെന്നും കത്തില്‍ നേരത്തെ എം.എല്‍.എമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ കുകികള്‍ക്ക് പ്രത്യേക ഭരണകൂടം വേണമെന്ന ആവശ്യത്തെ മുഖ്യമന്ത്രി തള്ളിയിരുന്നു.
ഇംഫാല്‍ താഴ്‌വരക്ക് ചുറ്റുമുള്ള കുകികളുടെ വീടുകളെല്ലാം ആക്രമിക്കാന്‍ മെയ്തി വിഭാഗക്കാരെ സഹായിക്കുന്നതിന് വേണ്ടിയാണ് നര്‍ക്കോ ഭീകരര്‍ എന്ന ചിത്രീകരണം കലാപത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുകികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ട മെയ്തി ലിപൂണ്‍, അരംമ്പയ് തെങ്കോല്‍ എന്നീ ഗ്രൂപ്പുകളുമായി മുഖ്യമന്ത്രി ബിരേണ്‍ സിങ് ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പക്ഷപാതപരമായ ഒരു സര്‍ക്കാരിന് സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന് കീഴില്‍ അത്തരത്തില്‍ പക്ഷപാതപരമായ ഒരു സര്‍ക്കാരാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു.
ബി.ജെപിയുടെ നേതൃത്വത്തിലുള്ള ബിരേന്‍ സിങ് സര്‍ക്കാര്‍ ആസൂത്രിതമായി തങ്ങളെ ടാര്‍ഗെറ്റ് ചെയ്യുകയാണെന്ന് കുകി വിഭാഗക്കാര്‍ ആരോപിച്ചിരുന്നു. മയക്കുമരുന്നിനെതിരായ ക്യാംപെയ്ന്‍ എന്ന പേരില്‍ തങ്ങളുടെ വീടുകള്‍ ഒഴിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുകികള്‍ പറഞ്ഞിരുന്നു.
അതേസമയം, മെയ് മൂന്നിന് മണിപ്പൂരില്‍ ആരംഭിച്ച കലാപത്തില്‍ ഇതുവരെ 160ല്‍ കൂടുതല്‍ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂട്ട ബലാത്സംഗ കേസുകള്‍ ഉള്‍പ്പെടെ നിരവധി അനിഷ്ടസംഭവങ്ങള്‍ ഈ കാലയളവില്‍ സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Content Highlight: BJP Mla has alleged complicity of the state in the ethnic violence