പെഹ്‌ലുഖാനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ലെന്ന് ബി.ജെ.പി എം.എല്‍.എ; പെഹ്‌ലുഖാനെ കുടുംബത്തോടെ കള്ളനെന്ന് അധിക്ഷേപിച്ചും ഗ്യാന്‍ദേവ് അഹൂജ
SAFFRON POLITICS
പെഹ്‌ലുഖാനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ലെന്ന് ബി.ജെ.പി എം.എല്‍.എ; പെഹ്‌ലുഖാനെ കുടുംബത്തോടെ കള്ളനെന്ന് അധിക്ഷേപിച്ചും ഗ്യാന്‍ദേവ് അഹൂജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th June 2019, 2:44 pm

ജയ്പൂര്‍: രണ്ട് വര്‍ഷം മുമ്പ് ഗോരക്ഷക ഗുണ്ടകള്‍ കൊലപ്പെടുത്തിയ ക്ഷീര കര്‍ഷകന്‍ പെഹ്‌ലുഖാനെതിരെ പൊലീസ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ നേട്ടം കോണ്‍ഗ്രസിന് അവകാശപ്പെടാന്‍ കഴിയില്ലെന്ന് ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് അഹൂജ.

അന്ന് സംഭവമുണ്ടായപ്പോള്‍ പെഹ്‌ലുഖാന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയവരാണ് കോണ്‍ഗ്രസുകാരെന്നും അഹൂജ പറഞ്ഞു.

പെഹ്‌ലു ഖാനും അദ്ദേഹത്തിന്റെ സഹോദരങ്ങളും മക്കളും പശുക്കള്ളന്മാരാണ്. ഗോരക്ഷകര്‍ക്കും ഹിന്ദു പരിഷദിനുമെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും ഗ്യാന്‍ദേവ് അഹൂജ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ ഡിസംബര്‍ 30നാണ് പുതുതായി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മെയ് 29ന് ബെഹ്റോറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് ഇത് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പെഹ്ലുഖാനെ കൂടാതെ അദ്ദേഹത്തിന്റെ രണ്ട് മക്കളായ ഇര്‍ഷാദ്, ആരിഫ്, കാലികളെ കൊണ്ട് പോകാന്‍ ഉപയോഗിച്ച പിക്ക് അപ്പ് ഉടമ എന്നിവര്‍ക്കെതിരെയും കേസുണ്ട്.

കഴിഞ്ഞ വര്‍ഷം അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാരും പെഹ്ലുഖാന്റെ സഹായികളായ അസ്മത്, റഫീഖ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കൊലക്കേസില്‍ പെഹ്ലു ഖാന്‍ മരണമൊഴിയില്‍ പറഞ്ഞ ആറ് പേര്‍ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇവര്‍ സംഭവസമയത്ത് ഉണ്ടായിരുന്നില്ല എന്നാണ് പൊലീസിന്റെ വാദം.

2017 ഏപ്രിലില്‍ ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുമ്പോളാണ് ഗോരക്ഷ ഗുണ്ടകള്‍ പെഹ്‌ലു ഖാനേയും സംഘത്തേയും ആക്രമിച്ചത്. പശുക്കളെ വാങ്ങിയതിന്റെ രേഖകളോട് കൂടിയായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്.