| Monday, 26th June 2017, 9:57 am

'ഖജനാവ് കൊള്ളയടിക്കുന്നത് നോക്കിനില്‍ക്കാനാവില്ല' ബി.ജെ.പി മുഖ്യമന്ത്രി വസുന്ധരാ രാജെയുടെ വീടിനുമുമ്പില്‍ ബി.ജെ.പി എം.എല്‍.എയുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയുടെ വസതിക്കു മുമ്പില്‍ ബി.ജെ.പി എം.എല്‍.എയുടെ പ്രതിഷേധം. സംഗാനര്‍ എം.എല്‍.എ ഘന്‍ശ്യാം തിവാരിയാണ് വസുന്ധരാ രാജെയുടെ വസതിക്കുമുമ്പില്‍ പ്ലക്കാര്‍ഡുകളുമായി സത്യാഗ്രഹമിരുന്നത്.

പ്രതിഷേധിച്ച അദ്ദേഹത്തെയും അനുയായികളെയും പൊലീസ് തടയുകയും തിരിച്ചയക്കുകയും ചെയ്തു. അതേസമയം തിവാരിയെ അറസ്റ്റു ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തെ തിരിച്ച് ജാലുപുരയിലെ ഔദ്യോഗിക വസതിയില്‍ എത്തിക്കുകയാണ് പൊലീസ് ചെയ്തത്.

വസുന്ധരാ രാജെ ഇപ്പോള്‍ താമസിക്കുന്ന ബംഗ്ലാവ് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ അനുവദിച്ച കെട്ടിടത്തിലേക്കു താമസം മാറ്റണമെന്നുമാണ് എം.എല്‍.എയുടെ ആവശ്യം. സര്‍ക്കാറിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കുന്നത് അനുവദിക്കില്ല എന്നു പറഞ്ഞാണ് അദ്ദേഹം സമരത്തിന് ഇറങ്ങിയത്.

തിവാരിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട ദീന്‍ ദയാല്‍ വാഹനി പ്രവര്‍ത്തകര്‍ രാവിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഒത്തുകൂടുകയും വസുന്ധരാ രാജെയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.


Must Read: അതിക്രമിച്ച് കയറി ഇസ്‌ലാമിക മത ഗ്രന്ഥങ്ങള്‍ കീറി നശിപ്പിച്ച ശേഷം വീട് കൊള്ളയടിച്ചു; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു


നേരത്തെ വസുന്ധരാ രാജെയുടെ വസതിക്കുമുമ്പില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ എം.എല്‍.എ അനുവാദം തേടിയിരുന്നു. എന്നാല്‍ അനുമതി നിഷേധിക്കുകയാണുണ്ടായത്. തുടര്‍ന്ന് രാജയുടെ വീട്ടിലേക്ക് പോയി സത്യാഗ്രഹമിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.

രാജസ്ഥാന്‍ ബി.ജെ.പി കൊള്ളക്കാരുടെ മാഫിയയായി മാറിയിരിക്കുകയാണെന്ന് തിവാരി നേരത്തെ ആരോപിച്ചിരുന്നു. “അച്ചടക്കമില്ലായ്മയുടെ രാജ്ഞി” എന്നാണ് വസുന്ധരാ രാജയെ അദ്ദേഹം വിശേഷിപ്പിച്ചത്.

We use cookies to give you the best possible experience. Learn more