ബെംഗളൂരു: കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ ബി.ജെ.പി എം.എല്‍.എ മദല്‍ വിരുപക്ഷപ്പക്ക് മണ്ഡലത്തില്‍ രാജകീയ വരവേല്‍പ്. എം.എല്‍.എയുടെ ഔദ്യോഗിക വസതിയില്‍ കര്‍ണാടക അഴിമതി വിരുദ്ധ സെല്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ആറ് കോടി രൂപ സംഘം പിടിച്ചെടുത്തിരുന്നു.
വിരുപക്ഷപ്പയുടെ മകന്‍ വി. പ്രശാന്ത് മദലിനെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വിരുപക്ഷപ്പയുടെ ഔദ്യോഗിക വസതിയിലും റെയ്ഡ് നടന്നത്.
പണം പിടിച്ചെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ വിരുപക്ഷപ്പ ജാമ്യം ലഭിച്ചതിന് ശേഷമാണ് തന്റെ മണ്ഡലമായ ചിന്നഗിരിയിലെത്തിയത്. പടക്കം പൊട്ടിച്ചായിരുന്നു വിരുപക്ഷപ്പയെ അനുയായികള്‍ സ്വാഗതം ചെയ്തത്. തുറന്ന വാഹനത്തില്‍ അനുയായികള്‍ക്ക് നേരെ കൈവീശിക്കാണിച്ചായിരുന്നു വിരുപക്ഷപ്പയുടെ യാത്ര.
തിങ്കളാഴ്ചയായിരുന്നു വിരുപക്ഷപ്പക്ക് കൈക്കൂലി കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചത്. കടുത്ത ഉപാധികളോടെ കര്‍ണാടക ഹൈക്കോടതിയായിരുന്നു എം.എല്‍.എക്ക് ജാമ്യം അനുവദിച്ചത്.
മൈസൂര്‍ സാന്‍ഡല്‍ സോപ്‌സ് നിര്‍മിക്കാനുള്ള നിര്‍മാണ സാമഗ്രികള്‍ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാര്‍ നല്‍കാന്‍ 81 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നതാണ് വിരുപക്ഷപ്പക്കെതിരായ കേസ്.
കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ വിരുപക്ഷ എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു. കൈക്കൂലി വാർത്ത വ്യാപകമായി പ്രചരിച്ചതോടെ കർണാടക സോപ്പ്‌സ് ആൻഡ് ഡിറ്റർജൻസ് ലിമിറ്റിഡിന്റെ ചെയർപേഴ്സൺ സ്ഥാനവും വിരുപക്ഷപ്പ രാജിവെച്ചിട്ടുണ്ട്. കാലാവധി അവസാനിക്കാൻ 40 ദിവസം മാത്രം ബാക്കി നിൽക്കെയാണ് രാജി.
കൈക്കൂലി വാങ്ങുന്നത് പിടിക്കപ്പെട്ടതിന് പിന്നാലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മ വ്യക്തമാക്കിയിരുന്നു. കർണാടകയിലെ ദാവൻഗരെ ജില്ലയിലെ ചന്നഗിരിയിൽ നിന്നുള്ള എം.എൽ.എയാണ് മദൽ വിരുപക്ഷപ്പ. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിൽ ഈ അറസ്റ്റ് ബി.ജെ.പിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചിട്ടുണ്ട്. മുൻ സർക്കാരുകളെല്ലാം അഴിമതിക്കാരായിരുന്നെന്നും ബി.ജെ.പി മാത്രമാണ് അതിൽ നിന്നുംവ്യത്യസ്തമായി പ്രവർത്തിക്കുന്നത് എന്നുമായിരുന്നു നേതാക്കളെല്ലാം പ്രചാരണ റാലികളിൽ ആവർത്തിച്ചിരുന്നത്.
Content Highlight: BJP MLA gets hero’s welcome after bail in Karnataka bribery case