'ശ്രദ്ധ ക്ഷണിക്കാന്‍' ബി.ജെ.പി എം.എല്‍.എ നിയമസഭയിലെത്തിച്ച പശു വിരണ്ടോടി
national news
'ശ്രദ്ധ ക്ഷണിക്കാന്‍' ബി.ജെ.പി എം.എല്‍.എ നിയമസഭയിലെത്തിച്ച പശു വിരണ്ടോടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st September 2022, 7:59 am

ജയ്പൂര്‍: കന്നുകാലികളിലെ ചര്‍മമുഴ രോഗബാധയെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നാരോപിച്ച് നിയമസഭയില്‍ പശുവിനെയെത്തിച്ച് ബി.ജെ.പി അംഗത്തിന്റെ പ്രതിഷേധം. പുഷ്‌കറില്‍ നിന്നുള്ള എം.എല്‍.എ. സുരേഷ് റാവത്താണ് ശ്രദ്ധ ക്ഷണിക്കാന്‍ പശുവുമായെത്തിയത്. പക്ഷേ, നിയമസഭയ്ക്ക് അകത്ത് എത്തുന്നതിന് മുമ്പേ പശു വിരണ്ടോടി.

നിയമസഭയില്‍ പശുവുമായെത്തിയ റാവത്തിനെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. തുടര്‍ന്ന് റാവത്ത് അവരോട് സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും പശു കുതറിയോടി. വാഹനങ്ങളുടെ കാതടപ്പിക്കുന്ന ഹോണും സുരക്ഷാജീവനക്കാരുടെ വിസിലുമൊക്കെയാണ് പശുവിനെ പേടിപ്പിച്ചത്. ഗതാഗതത്തിരക്കുള്ള റോഡിലൂടെ ഓടിയ പശുവിനെ പിടിച്ചുനിര്‍ത്താന്‍ എം.എല്‍.എ.യുടെ കൂടെയുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

‘നിര്‍വികാരമായ ഈ സര്‍ക്കാരിനെക്കണ്ടിട്ട് പശുവിനുപോലും കലിവന്നെന്ന്’ റാവത്ത് പിന്നീട് ട്വീറ്റ് ചെയ്തു. പശു ഓടിപ്പോയതിന് മാധ്യമപ്രവര്‍ത്തകരെ പഴിക്കുകയും ചെയ്തു. ഗോമാതാവെത്തിയപ്പോള്‍ മുഖത്തേക്ക് നിങ്ങള്‍ ക്യാമറയും കൊണ്ടുചെന്നു. കുറച്ച് അകന്നു നില്‍ക്കണമായിരുന്നു എന്നാണ് റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

‘ചര്‍മമുഴ രോഗബാധകാരണം ലക്ഷക്കണക്കിന് ഗോമാതാക്കള്‍ ചത്തു. പാലുവിറ്റ് ജീവിക്കുന്ന ഒട്ടേറെ കര്‍ഷകരുണ്ട്, അവരെവിടെപ്പോകും? അതിനാല്‍, ചത്ത ഗോമാതാക്കളുടെ എണ്ണമെടുത്ത് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം’ റാവത്ത് അഭ്യര്‍ത്ഥിച്ചു.

അതേസമയം, ചര്‍മമുഴരോഗം ബാധിച്ച് രാജ്യത്ത് 70,000 ത്തോളം പശുക്കള്‍ ചത്തെന്നാണ് കണക്ക്. ഇതില്‍ അമ്പതിനായിരവും രാജസ്ഥാനിലാണ്.

ആദ്യമായല്ല ഇത്തരം ശ്രദ്ധക്ഷണിക്കലുകള്‍ സുരേഷ് റാവത്ത് നടത്തുന്നത്. അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 2019 ജനുവരിയില്‍ അധികാരത്തില്‍വന്നപ്പോള്‍ കലപ്പയും ചുമലിലേറ്റിയാണ് റാവത്ത് സഭയിലെത്തിയത്. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം നടപ്പാക്കണമെന്നാവശ്യപ്പെടാനായിരുന്നു ഇത്. കര്‍ഷകരുടെ വൈദ്യുതിബില്‍ കുത്തനെ കൂടുന്നതില്‍ പ്രതിഷേധിക്കാന്‍ വൈദ്യുതിത്തൂണും തോളിലെടുത്ത് 2020 മാര്‍ച്ചില്‍ അദ്ദേഹം സഭയില്‍ ചെന്നു.

അതേസമയം, ചര്‍മമുഴ രോഗം ബാധിച്ച് പശുക്കള്‍ ചാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ബി.ജെ.പി തിങ്കളാഴ്ച രാജസ്ഥാനില്‍ പ്രതിഷേധ പ്രകടനം നടത്തി.

Content Highlight: BJP MLA gets cow to Rajasthan assembly, bovine runs away within minutes