| Monday, 11th November 2019, 9:09 am

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്കു പ്രഹരമേല്‍പ്പിച്ച് മുന്‍ എം.എല്‍.എ കോണ്‍ഗ്രസില്‍; നീക്കം സീറ്റ് നിഷേധിച്ചതോടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബി.ജെ.പി മുന്‍ എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബര്‍ഹി മുന്‍ എം.എല്‍.എയായ ഉമാശങ്കര്‍ അകേലയാണു ഞായറാഴ്ച ബി.ജെ.പി വിട്ടത്.

ജാര്‍ഖണ്ഡിന്റെ എ.ഐ.സി.സി ഇന്‍ ചാര്‍ജായ ആര്‍.പി.എന്‍ സിങ്ങിന്റെയും ജെ.പി.സി.സി പ്രസിഡന്റ് രാമേശ്വര്‍ ഉറാവിന്റെയും സാന്നിധ്യത്തിലായിരുന്നു അകേലയുടെ പാര്‍ട്ടി പ്രവേശം.

ബര്‍ഹിയില്‍ നിന്നു വീണ്ടും മത്സരിക്കാന്‍ ബി.ജെ.പി സീറ്റ് നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് അകേല പാര്‍ട്ടി വിട്ടതെന്ന് ഹസാരിബാഗിലെ കോണ്‍ഗ്രസ് നേതാവ് ദേവ്‌രാജ് കുശ്‌വഹ പറഞ്ഞു.

2009-ല്‍ എം.എല്‍.എയായിരുന്ന അകേല, കഴിഞ്ഞതവണ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മനോജ് യാദവിനോടു പരാജയപ്പെട്ടിരുന്നു. യാദവ് അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ബര്‍ഹിയില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് യാദവ്.

ഇതോടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ബര്‍ഹിയില്‍ നിന്നു മത്സരിക്കാന്‍ അകേലയ്ക്കു സാധ്യതകള്‍ തെളിഞ്ഞു.

ബര്‍ഹിയില്‍ ഡിസംബര്‍ 12-നാണ് വോട്ടെടുപ്പ്. അഞ്ച് ഘട്ടങ്ങളിലായി സംസ്ഥാനത്തു നടക്കുന്ന തെരഞ്ഞെടുപ്പ് ഈ മാസം 30-നാണ് ആരംഭിക്കുക. ഡിസംബര്‍ 20 വരെ അതു തുടരും. ഡിസംബര്‍ 23-നാണു വോട്ടെണ്ണല്‍.

കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും (ജെ.എം.എം) ഒന്നിച്ചാണു തെരഞ്ഞെടുപ്പിനെ നേരിടുക. ആര്‍.ജെ.ഡി.യും സഖ്യത്തില്‍ പങ്കാളിയാകുമെന്ന് നേരത്തേ ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍.ജെ.ഡി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ബഹിഷ്‌കരിച്ചതിനു പിന്നാലെ സോറന്‍ തടവില്‍ക്കഴിയുന്ന ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ കണ്ടതിനു ശേഷമാണ് ഇക്കാര്യത്തില്‍ ഏറെക്കുറേ വ്യക്തത വന്നത്.

81 അംഗ നിയമസഭയില്‍ ജെ.എം.എമ്മിന് 43 സീറ്റുകളും കോണ്‍ഗ്രസിന് 31 സീറ്റുകളുമാണുള്ളത്. ബാക്കി ഏഴ് സീറ്റുകളാണ് ആര്‍.ജെ.ഡിക്കായി മാറ്റിവെച്ചിട്ടുള്ളത്.

We use cookies to give you the best possible experience. Learn more