| Saturday, 9th December 2023, 11:38 am

അക്ബറുദ്ദീന്‍ ഒവൈസിയെ പ്രോടേം സ്പീക്കറായി നിയമിച്ചത് അംഗീകരിക്കില്ല; സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാന നിയമസഭയില്‍ എ.ഐ.എം.ഐ.എം പ്രതിനിധിയായ അക്ബറുദ്ദീന്‍ ഒവൈസിയെ പ്രോടേം സ്പീക്കറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് താന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറല്ലെന്ന് രാജാ സിങ്. ഗോഷാമഹല്‍ സീറ്റില്‍ നിന്ന് മൂന്നാം തവണയും വിജയം നേടിയ രാജാ സിങ് നിയമസഭയില്‍ ഇതുസംബന്ധിച്ച് ബഹളം വെക്കുകയുണ്ടായി.

അക്ബറുദ്ദീന്‍ സ്പീക്കറുടെ കസേരയില്‍ ഇരുന്നാല്‍ അദ്ദേഹത്തിന്റെ മുന്നില്‍ നിന്നുകൊണ്ട് താന്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്നാണ് രാജാ സിങ് പറഞ്ഞത്. തെലങ്കാന ജനതയെ കൂട്ടക്കൊല ചെയ്ത റസാക്കര്‍ സൈന്യത്തിന്റെ തലവനായ ഖാസിം റസ്വിയുടെ ഉത്പന്നമാണ് അക്ബറെന്നും രാജാ സിങ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ നിയമസഭയിലേക്ക് വിജയിച്ചെത്തിയ മറ്റു ഏഴ് ബി.ജെ.പി എം.എല്‍.എമാരും സത്യപ്രതിജ്ഞയില്‍ നിന്ന് മാറി നില്‍ക്കുകയാണ്.

ചന്ദ്രയാന്‍ഗുട്ടയില്‍ നിന്ന് ആറാം തവണയും വിജയിച്ച അക്ബറുദ്ദീന്‍ ഒവൈസി സഭയിലെ ഏറ്റവും മുതിര്‍ന്ന നിയമസഭാംഗമായതിനാലാണ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരര്‍ജന്‍ അദ്ദേഹത്തെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്തത്. തെലങ്കാന നിയമസഭയുടെ പുതിയ സ്പീക്കര്‍ കോണ്‍ഗ്രസ് നാമനിര്‍ദേശം ചെയ്ത ഗദ്ദം പ്രസാദ് കുമാറായിരിക്കും.

സാധാരണയായി തെരഞ്ഞെടുപ്പിന് ശേഷം നിയമസഭയുടെ ആദ്യ സിറ്റിങ്ങില്‍ പുതുതായി തെരഞ്ഞെടുക്കപെട്ട എം.എല്‍.എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിനും പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനും വോട്ടെടുപ്പിന് അദ്ധ്യക്ഷത വഹിക്കുന്നതിനും ഒരു പ്രോടെം സ്പീക്കറെ നിയമിക്കാറുണ്ട്.

വിദ്വേഷ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി കേസുകള്‍ നേരിടുകയും, തെരഞ്ഞെടുപ്പിലേക്ക് ടിക്കറ്റ് നല്‍കുന്നതില്‍ ഒരു വര്‍ഷത്തേക്ക് ബി.ജെ.പി സസ്പെന്‍ഡ് ചെയ്തതുമയ നേതാവാണ് രാജാ സിങ്.

നിലവില്‍ തെലങ്കാന നിയമസഭയിലെ ഏതാനും മന്ത്രിമാരുടെ വകുപ്പുകള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആഭ്യന്തര വകുപ്പടക്കമുള്ള ഏതാനും മേഖല കൈകാര്യം ചെയ്യും. ധനകാര്യ മന്ത്രിയായി മല്ലു ഭട്ടി വിക്രമാര്‍ക്ക ചുമതലയേല്‍ക്കും. തെലങ്കാന സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ജലസേചന വകുപ്പ് കൈകാര്യം ചെയ്യാന്‍ നിയോഗിച്ചിരിക്കുന്നത് ഉത്തംകുമാര്‍ റെഡ്ഡിയെയാണ്.

മറ്റു മന്ത്രിമാരുടെ വകുപ്പുകള്‍ ഉടന്‍ പട്ടികപ്പെടുത്തും. കൂടാതെ ശനിയാഴ്ച ഉച്ചയോടെ ആദ്യ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പദ്ധതികള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിക്കും.

Content Highlight: BJP MLA does not accept appointment of Akbaruddin Owaisi as pro-tem speaker

We use cookies to give you the best possible experience. Learn more