പാട്ന: ബീഹാറിൽ വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ച് തന്റെ മണ്ഡലത്തിലെ പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത് ബി.ജെ.പി എം.എൽ.എ. സീതാമർഹിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ മിഥിലേഷ് കുമാറാണ് വാൾ വിതരണം ചെയ്തത്. രാമായണത്തോടൊപ്പമാണ് വാളുകളും വിതരണം ചെയ്തത്.
ഏതെങ്കിലും ദുഷ്ടൻ നമ്മുടെ സഹോദരിമാരെ തൊടാൻ തുനിഞ്ഞാൽ, ഈ വാളുകൊണ്ട് അവൻ്റെ കൈ വെട്ടുമെന്നും മിഥിലേഷ് പറഞ്ഞു. സീതാമർഹി നഗരത്തിലെ കപ്രോൽ റോഡിലെ പൂജ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ സഹോദരിമാരെ അവരെ സ്പർശിക്കാൻ വരുന്നവരുടെ കൈകൾ വെട്ടാൻ പ്രാപ്തരാക്കണം. ആവശ്യമെങ്കിൽ ഞാനും നിങ്ങളും ഇത് ചെയ്യണം. നമ്മുടെ സഹോദരിമാർക്കെതിരെ ദുരുദ്ദേശമുള്ള എല്ലാ ആളുകളെയും നശിപ്പിക്കണം,’ കുമാർ പറഞ്ഞു.
മിഥിലേഷ് കുമാർ തൻ്റെ ഉദ്യമത്തിൽ തന്നെ പിന്തുണയ്ക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും തിന്മകൾക്കെതിരെ പ്രവർത്തിക്കാൻ ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കാണ് വാളുകൾ വിതരണം ചെയ്തത്.
ശ്രീ കുമാർ നിരവധി തോക്കുകളും വാളുകളും മറ്റ് ആയുധങ്ങളും വേദിയിൽ പ്രദർശിപ്പിക്കുകയും അവയെ പൂജിക്കുകയും ചെയ്തു.
സീതാമർഹി മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എയാണ് മിഥിലേഷ് കുമാർ. നവരാത്രിയുടെ തുടക്കത്തിൽ നിരവധി ദുർഗാപൂജ പന്തലുകൾ സന്ദർശിക്കുകയും വാളുകൾ വിതരണം ചെയ്യുകയും ചെയ്തപ്പോൾ അദ്ദേഹം വാർത്തകളിൽ ഇടം നേടി.
Content Highlight: BJP MLA distributes swordsamong girls in Bihar’s Sitamarhi