| Thursday, 30th May 2019, 10:02 am

കെജ്‌രിവാളിന്റെ ജനപ്രീതിയെക്കുറിച്ച് പോള്‍ നടത്തിയ ബി.ജെ.പി എം.എല്‍.എയ്ക്ക് തിരിച്ചടി: ഒടുക്കം എ.എ.പി പോളിനെ അട്ടിമറിച്ചെന്ന് ആരോപിച്ച് തടിയൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജനപിന്തുണ അറിയാന്‍ ട്വിറ്ററില്‍ പോള്‍ നടത്തിയ ബി.ജെ.പി എം.എല്‍.എ മജീന്ദര്‍ സിര്‍സയ്ക്ക് തിരിച്ചടി. പോളില്‍ പങ്കെടുത്ത 70%പേരും കെജ്‌രിവാളിന് അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു.

കെജ്‌രിവാളിന് അനുകൂലം, എതിര് എന്നിങ്ങനെ രണ്ട് ഓപ്ഷനായിരുന്നു മജീന്ദര്‍ നല്‍കിയത്. 30% പേര്‍ മാത്രമാണ് കെജ്‌രിവാളിനെ എതിര്‍ത്തത്. ഇതോടെ എ.എ.പി പ്രവര്‍ത്തകര്‍ പോള്‍ അട്ടിമറിച്ചെന്ന ആരോപണമുന്നയിച്ച് മജീന്ദര്‍ തടിയൂരുകയായിരുന്നു.

‘അരവിന്ദ് കെജ്‌രിവാളിന് അനുകൂലമായി വോട്ടു ചെയ്ത എ.എ.പി ഐ.ടി സെല്ലിന് അഭിനന്ദനങ്ങള്‍. യാഥാര്‍ത്ഥ്യം ഇതായിരുന്നെങ്കില്‍ എ.എ.പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുമായിരുന്നു.’ എന്നാണ് മജീന്ദര്‍ ട്വീറ്റു ചെയ്തത്.

അതേസമയം കാവി പാര്‍ട്ടിയുടെ അണികള്‍ വരെ അരവിന്ദ് കെജ്‌രിവാളിനെ പിന്തുണ നല്‍കുന്നുവെന്നത് വ്യക്തമായിരിക്കുകയാണെന്ന് എ.എ.പി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. വരുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കാവി പാര്‍ട്ടിവരെ എ.എ.പിക്കുവേണ്ടി വോട്ടു ചെയ്യാന്‍ താല്‍പര്യപ്പെടുന്നുവെന്നാണ് ഇതിനര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ കനത്ത തിരിച്ചടിയാണ് എ.എ.പി നേരിട്ടത്. ദല്‍ഹിയിലെ ഏഴ് എ.എ.പി സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടിരുന്നു.

രാജ്യമെമ്പാടും പ്രതിഫലിച്ച മോദി തരംഗം ദല്‍ഹിയെക്കൂടി ബാധിച്ചതാണ് തിരിച്ചടിയ്ക്കു കാരണമെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയും മോദിയും തമ്മിലുള്ള പോരാട്ടമായാണ് തെരഞ്ഞെടുപ്പിനെ ജനങ്ങള്‍ കണ്ടതെന്നും അതിനനുസരിച്ചാണ് വോട്ടിങ് നടന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more