കര്‍ഷക ആത്മഹത്യ സര്‍ക്കാര്‍ സബ്‌സിഡിക്ക് വേണ്ടി: ദാരിദ്ര്യം കൊണ്ടോ കടബാധ്യത കൊണ്ടോ അല്ല; ബി.ജെ.പി എം.എല്‍.എ
India
കര്‍ഷക ആത്മഹത്യ സര്‍ക്കാര്‍ സബ്‌സിഡിക്ക് വേണ്ടി: ദാരിദ്ര്യം കൊണ്ടോ കടബാധ്യത കൊണ്ടോ അല്ല; ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th February 2017, 12:09 pm

ന്യൂദല്‍ഹി: കര്‍ഷകരുടെ ദുരന്തത്തേയും കര്‍ഷക ആത്മഹത്യയേയും പരിഹസിച്ച് ബി.ജെ.പി. മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ രാമേശ്വര്‍ ശര്‍മയാണ് കര്‍ഷക ആത്മഹത്യയെ പരിഹസിച്ച് രംഗത്തെത്തിയത്.

ദാരിദ്ര്യം കൊണ്ടോ കടബാധ്യത കൊണ്ടോ അല്ല കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്നും മറിച്ച് സര്‍ക്കാര്‍ സബ്‌സിഡി നേടിയെടുക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ ആത്മഹത്യ ചെയ്യുന്നതെന്നുമാണ് ഇദ്ദേഹത്തിന്റെ പരാമര്‍ശം. ഇതിന്റെ വീഡിയോ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്.

“യഥാര്‍ത്ഥത്തില്‍ ഈ ആത്മഹത്യ ചെയ്യുന്നതൊന്നും യഥാര്‍ത്ഥ കര്‍ഷകരല്ല. സര്‍ക്കാരിന്റെ സബ്‌സിഡി നേടിയെടുക്കാന്‍ വേണ്ടി മാത്രം ആത്മഹത്യചെയ്യുന്ന ചിലരാണ് ഇവര്‍. ആത്മഹത്യ ചെയ്യുന്നവരെല്ലാം കര്‍ഷകരാണോ എന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു- രാമേശ്വര്‍ ശര്‍മ പറയുന്നു.

ഇതിന് മുന്‍പും കര്‍ഷക ആത്മഹത്യയെ പരിഹസിച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി രംഗത്തെത്തിയിരുന്നു. ഫാഷനും ട്രെന്‍ഡിനും വേണ്ടി മാത്രമാണ് കര്‍ഷകരുടെ ആത്മഹത്യെന്നായിരുന്നു ബി.ജെ.പി എം.പിയായ ഗോപാല്‍ ഷെട്ടി പറഞ്ഞത്.

തൊഴിലില്ലായ്മ കൊണ്ടോ പട്ടിണി കൊണ്ടോ അല്ല ഇവര്‍ ആത്മഹത്യ ചെയ്യുന്നതെന്നും ഫാഷനും ട്രെന്‍ഡിനും വേണ്ടി മാത്രമാണ് ഇവരുടെ ആത്മഹത്യയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.


Dont Miss വിശ്വാസവോട്ടെടുപ്പിന് തുടക്കം; പളനിസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു: രഹസ്യവോട്ടെടുപ്പിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല 


ആത്മഹത്യ ചെയ്യുന്ന കര്‍ഷകന് മഹാരാഷ്ട സര്‍ക്കാര്‍ 5 ലക്ഷം കൊടുക്കുമ്പോള്‍ മറ്റൊരു സര്‍ക്കാര്‍ 7 ലക്ഷം കൊടുക്കുന്നു. അടുത്ത സര്‍ക്കാര്‍ 8 ലക്ഷം കൊടുക്കുന്നു. ഇതാണ് അവസ്ഥയെന്നും ഇദ്ദേഹം പരിസഹിച്ചിരുന്നു.

2014 ല്‍ മാത്രം 5,650 കര്‍ഷകരാണ് ഇന്ത്യയിലൊട്ടാകെ ആത്മഹത്യ ചെയ്തത്. ഇതില്‍ കൂടുതലും മഹാരാഷ്ട്രയിലാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് ഈ കണക്ക് പുറത്തുവട്ടത്. ബാങ്ക് ലോണും കടബാധ്യതയും ദാരിദ്ര്യവും പട്ടിണിയുമാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണമെന്നിരിക്കെ തികച്ചും പരിഹാസ്യമായ പ്രസ്താവ നടത്തിയ ബി.ജെ.പിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.