ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ ബ്രാഹ്മണരാണ്, അവര്‍ക്ക് നല്ല സംസ്‌കാരമുണ്ട്: ബി.ജെ.പി എം.എല്‍.എ
national news
ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ ബ്രാഹ്മണരാണ്, അവര്‍ക്ക് നല്ല സംസ്‌കാരമുണ്ട്: ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th August 2022, 9:35 pm

ന്യൂദല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജയില്‍ മോചിതരായ പ്രതികളെ പിന്തുണച്ച് ബി.ജെ.പി എം.എല്‍.എ. പ്രതികള്‍ ബ്രാഹ്മണരാണെന്നും അവര്‍ക്ക് നല്ല സംസ്‌കാരമുണ്ടെന്നും ഗോദ്ര മണ്ഡലത്തിലെ എം.എല്‍.എ ആയ സി.കെ. റൗള്‍ജി പറഞ്ഞു.

‘അവര്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. എന്നാല്‍ അതിനുള്ള ഉദ്ദേശം ഉണ്ടായിക്കാണും. അവര്‍ ബ്രാഹ്മണരാണ്. നല്ല സംസ്‌കാരത്തിന്റെ പേരിലാണ് ബ്രാഹ്മണര്‍ അറിയപ്പെടുന്നത്. അവരെ ടാര്‍ഗെറ്റ് ചെയ്ത് ശിക്ഷ നല്‍കാനുള്ള ദുരുദ്ദേശം ആര്‍ക്കെങ്കിലും ഉണ്ടാവും,’ മോജോ സ്റ്റോറിക്ക് നല്‍കിയ അഭിമുഖത്തില്‍ റൗള്‍ജി പറഞ്ഞു.

പ്രതികളെ വിട്ടയക്കാന്‍ തീരുമാനമെടുത്ത ഗുജറാത്ത് സര്‍ക്കാര്‍ പാനലിലെ അംഗമാണ് സി.കെ. റൗള്‍ജി. സ്വാതന്ത്ര ദിനത്തിലാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് വന്നത്. ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബില്‍ക്കീസ് ബാനു എന്ന ഗര്‍ഭിണിയായ സ്ത്രീയെ പ്രതികള്‍ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.

നീതിന്യായ വ്യവസ്ഥയിലുള്ള തന്റെ വിശ്വാസത്തെ തീരുമാനം ഉലച്ചു കളഞ്ഞുവെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തോട് ബില്‍കിസ് ബാനു പ്രതികരിച്ചത്. തീരുമാനം ഗുജറാത്ത് സര്‍ക്കാര്‍ പിന്‍വലിക്കണം. തനിക്ക് ഭയമില്ലാതെ ജീവിക്കാനുള്ള അവകാശമുണ്ട്. അത് ഇല്ലാതാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. തന്നെ പോലെ നിയമപോരാട്ടം നടത്തുന്ന സ്ത്രീകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആശങ്ക തോന്നുകയാണെന്നും ബില്‍കിസ് ബാനു പറഞ്ഞു.

കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതികളെ മാലയിട്ട് മധുരം നല്‍കിയാണ് വിശ്വ ഹിന്ദു പരിഷത്ത് സ്വീകരിച്ചത്. പ്രതികള്‍ മാലയിട്ടിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇവരെ മധുരം നല്‍കി സ്വീകരിക്കുന്നതിന്റെയും കാലു തൊട്ടുവന്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

Content Highlight: BJP MLA ck raulji sais that the accused in Bilkis Banu case are Brahmins and have good culture