| Monday, 18th February 2019, 5:49 pm

സാനിയ പാകിസ്താന്റെ മരുമകള്‍; അംബാസഡര്‍ പദവിയില്‍ നിന്നും നീക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ബി.ജെ.പി എം.എല്‍.എ. ഗോശമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ രാജാ സിങ്ങാണ് സാനിയ മിര്‍സയെ അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സാനിയ പാകിസ്താന്റെ മരുമകളാണെന്നും അതിനാല്‍ പദവിയില്‍ നിന്നും എത്രയും പെട്ടെന്ന് സാനിയയെ നീക്കം ചെയ്യണമെന്നുമാണ് മുഖ്യമന്ത്രിയോട് രാജാ സിങ് ആവശ്യപ്പെട്ടിരിക്കുന്നത്.


ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവന.

പാകിസ്താന്‍ ക്രിക്കറ്റര്‍ ശുഹൈബ് മാലികിന്റെ ഭാര്യയായ സാനിയയെ പദവിയില്‍ നിന്നും നീക്കം ചെയ്യുന്നതിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുള്ള പാകിസ്താന് ശക്തമായ സന്ദേശം നല്‍കാന്‍ സാധിക്കുമെന്ന് രാജാ സിങ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പാകിസ്താനെതിരെ നിരന്തരമായി കടുത്ത തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ത്യന്‍ പൗരന്‍മാരുടെ വികാരം മനസ്സിലാക്കികൊണ്ട് പ്രവര്‍ള്‍ത്തിക്കണമെന്നും ബി.ജെ.പി എം.എല്‍.എ വ്യക്തമാക്കി.


അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുന്നവരുടെ തല കൊയ്യുമെന്ന് പറഞ്ഞ വാര്‍ത്തകളില്‍ ഇടം പിടിച്ചയാളാണ് രാജാ സിങ്. പശുവിനെ രാഷ്ട്രമാതാവായി അംഗീകരിക്കുന്നത് വരെ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുമെന്ന് രാജസ്ഥാനിലെ ആല്‍വാറില്‍ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ രാജാ സിങ് പ്രസ്താവന നടത്തിയിരുന്നു.

ALSO WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more