ബല്ലിയ: ഹിന്ദുത്വ നിലനില്‍ക്കാനായി ഹിന്ദുമത വിശ്വാസികളായ എല്ലാ ദമ്പതിമാര്‍ക്കും അഞ്ചു കുഞ്ഞുങ്ങളെങ്കിലുമുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ്. എ.എന്‍.ഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിംഗിന്റെ വിവാദ പരാമര്‍ശം.
“എല്ലാ ഹിന്ദു ദമ്പതിമാര്‍ക്കും ചുരുങ്ങിയത് അഞ്ചു കുട്ടികളെങ്കിലും വേണമെന്നാണ് ആത്മീയ നേതാക്കളായ മഹന്തുമാരുടെയെല്ലാം ആഗ്രഹം. ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഈ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ ജനസംഖ്യ നിയന്ത്രിക്കാനും ഹിന്ദുത്വ നശിക്കാതെ കാക്കാനും സാധിക്കും” സുരേന്ദ്ര സിംഗ് പറയുന്നു.
ഇതാദ്യമായല്ല ഇത്തരം പ്രസ്താവനകളുമായി സിംഗ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. രാജ്യത്തു വര്‍ദ്ധിച്ചു വരുന്ന ബലാത്സംഗങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രീരാമനു പോലും സാധിക്കില്ലായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം അഭിപ്രായപ്പെട്ടതും ചര്‍ച്ചയായിരുന്നു. നരേന്ദ്രമോദി ശ്രീരാമന്റെ പുനര്‍ജന്മമാണെന്നും ബലാത്സംഗങ്ങളുണ്ടാകുന്നതിന്റെ കാരണം മൊബൈല്‍ ഫോണിന്റെ ഉപയോഗമാണെന്നും പ്രഖ്യാപിച്ച് വിവാദങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുള്ളയാളാണ് സുരേന്ദ്ര സിംഗ്.
ലൈംഗികത്തൊഴിലാളികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കാള്‍ ഭേദമാണെന്നും ഭാരത് മാതാ കീ ജയ് എന്നു പറയാന്‍ മടിക്കുന്നവരെല്ലാം പാകിസ്ഥാനികളാണെന്നുമുള്ള പരാമര്‍ശങ്ങള്‍ ഇതിനു മുന്‍പും സുരേന്ദ്ര സിംഗ് നടത്തിയിട്ടുണ്ട്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ശൂര്‍പ്പണഖയെന്നു വിളിച്ചതും പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.