| Tuesday, 28th July 2020, 7:11 pm

ക്രിമിനലുകളില്‍ നിന്ന് രക്ഷിക്കണം; യു.പിയുടെ ക്രമസമാധാനനിലയില്‍ ആശങ്കയുണര്‍ത്തി യോഗിയ്ക്ക് ബി.ജെ.പി എം.എല്‍.എയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ക്രമസമാധാനനിലയില്‍ ചോദ്യമുയര്‍ത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബി.ജെ.പി എം.എല്‍.എയുടെ കത്ത്. കൊടുംക്രിമിനലായ സുനില്‍ രാത്തിയില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഭാഗ്പത് എം.എല്‍.എ യോഗേഷ് ധാമ യോഗിയ്ക്കും ഡി.ജി.പിയ്ക്കും കത്തയച്ചു.

ജയിലില്‍ വെച്ച് ബജ്‌റംഗി എന്നയാളെ വെടിവെച്ച കൊന്ന കേസില്‍ പ്രധാനപ്രതിയാണ് സുനില്‍ രാത്തി. നിലവില്‍ തിഹാര്‍ ജയിലിലാണ് സുനില്‍.

‘സുനില്‍ രാത്തി ഭാഗ്പത് കോടതിയില്‍ വാദത്തിനെത്തിയപ്പോള്‍ എന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. ഞാനാണ് അദ്ദേഹത്തിന്റെ അനധികൃത ഖനനം തടഞ്ഞത്. സര്‍ക്കാര്‍ എനിക്ക് കൂടുതല്‍ സുരക്ഷ അനുവദിക്കണം’, വാര്‍ത്താസമ്മേളനത്തില്‍ യോഗേഷ് പറഞ്ഞു.

ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം എം.എല്‍.എയില്‍ നിന്ന് രേഖാമൂലം ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ഭാഗ്പത് പൊലീസ് പറഞ്ഞു.

എന്നാല്‍ എം.എല്‍.എയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും എ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. കോണ്‍ഗ്രസും എസ്.പിയും സംസ്ഥാനത്ത് ജംഗിള്‍ രാജാണെന്ന് ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more