| Tuesday, 13th November 2018, 1:58 pm

'ബി.ജെ.പിയിലുള്ളവരെല്ലാം ക്രിമിനലുകള്‍'; പാര്‍ട്ടി വിടുകയാണെന്ന് മഹാരാഷ്ട്ര എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബി.ജെ.പി നേതൃത്വത്തിനെതിരെ ഗുരുതര വിമര്‍ശങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ എം.എല്‍.എ അനില്‍ ഗോട്ട്. മഹാരാഷ്ട്രയിലെ ദുലെ മണ്ഡലത്തിലെ എം.എല്‍.എയായിരുന്നു അദ്ദേഹം. അടുത്തയാഴ്ച പാര്‍ട്ടി നേതൃത്വത്തിന് രാജി സമര്‍പ്പിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

അതേസമയം അനില്‍ ഗോട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നവംബര്‍ 19 ന് നിയമസഭാ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കുമെന്നും എം.എല്‍.എ സ്ഥാനവും ബി.ജെ.പിയില്‍ നിന്നുള്ള അംഗത്വവും രാജിവെക്കുകയാണെന്നും അനില്‍ പറഞ്ഞു.

ബി.ജെ.പിയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ എണ്ണം ഏറിവരികയാണ്. ദുലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കും ചില അനുഭവങ്ങള്‍ ഉണ്ടായി. ഇനിയും പാര്‍ട്ടിയുമായി സഹകരിച്ചുപോകുന്നതില്‍ ബുദ്ധിമുട്ടുണ്ട്- അനില്‍ ഗോട്ട് പറഞ്ഞു.


ബി.ജെ.പിയിലെ ചില നേതാക്കള്‍ ചില ക്രിമിനലുകളെ പാര്‍ട്ടിയില്‍ തിരുകിക്കയറ്റിയിട്ടുണ്ട്. ഇവരാണ് സ്ഥാനാര്‍ത്ഥികളാകാന്‍ ഒരുങ്ങുന്നത്. അവര്‍ വിജയിച്ചുകഴിഞ്ഞാല്‍ ദുലെ നഗരത്തെ തന്നെ അവര്‍ ഇല്ലായ്മ ചെയ്യും. അഴിമതി ഇവിടെ പെരുകും. ഇനിയും അവരുടെ ആശയങ്ങളുമായി യോജിച്ചുപോകാനാകില്ല. അടുത്ത മാസം നടക്കാനിരിക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും അനില്‍ പറഞ്ഞു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് 2009 ല്‍ അനില്‍ ഗോട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്നത്. പിന്നീട് 2014 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

കഴിഞ്ഞമാസം ബി.ജെ.പിയുടെ തന്നെ മറ്റൊരു എം.എല്‍.എയും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. നാഗ്പൂര്‍ ജില്ലയിലെ കട്ടോല്‍ മണ്ഡലത്തിലെ എം.എല്‍.എയായ ആഷിഷ് ദേശ്മുഖായിരുന്നു ബി.ജെ.പിയില്‍ നിന്നും രാജിവെച്ചത്.

We use cookies to give you the best possible experience. Learn more