|

പൗരത്വ നിയമം രാജ്യത്തെ വിഭജിക്കുന്നു, ബി.ജെ.പി നടപ്പിലാക്കുന്നത് വോട്ട് ബാങ്കിന് വേണ്ടി; ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: പൗരത്വ നിയമം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന നിലപാടിലാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. അതിനിടയില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ച് ശ്രദ്ധേയനാവുകയാണൊരു ബി.ജെ.പി എം.എല്‍.എ. പൗരത്വ നിയമം രാജ്യത്തെ വിഭജിക്കുന്നതാണെന്നും നിയമം വലിച്ചുകീറി ദൂരെ എറിയണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ നാരായണ്‍ ത്രിപാഠി.

പൗരത്വ നിയമം രാജ്യത്തിന് ഗുണപരമല്ല. ബി.ജെ.പി നിര്‍ബന്ധമായും ബാബാസാഹേബ് അംബേദ്കറുടെ ഭരണഘടന പിന്തുടരണം. അത് പറയുന്നു ഈ രാജ്യത്തെ ജനങ്ങള്‍ മതത്തിനപ്പുറം നമ്മള്‍ ഒരുമിച്ച് ജീവിക്കുമെന്ന്. അതിന് കഴിയുന്നില്ലെങ്കില്‍ ഭരണഘടന വലിച്ചു കീറി ദൂരെയെറിയണമെന്നും നാരായണ്‍ ത്രിപാഠിപറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓരോ തെരുവിലും ആഭ്യന്തര യുദ്ധ അന്തരീക്ഷമാണ്. അത് രാജ്യത്തിന് ഗുണപരമല്ല. അഭ്യന്തര യുദ്ധ അന്തരീക്ഷം നിലനില്‍ക്കുന്നിടത്ത് വികസനം നടപ്പിലാവില്ല. ഞാന്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നു, കാരണം എനിക്ക് അത്തരമൊരു സാഹചര്യത്തെ കുറിച്ച് അറിവുണ്ട്. എന്റെ മണ്ഡലമായ മൈഹാറില്‍ മാത്രമല്ല അതേ അന്തരീക്ഷം തന്നെയാണ് മറ്റു സ്ഥലങ്ങളിലുമുള്ളത്. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കരുതെന്നും നാരായണ്‍ ത്രിപാഠിപറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസില്‍ ചേരാനോ ബി.ജെ.പി വിടാനോ താന്‍ ഉദ്ദേശിക്കുന്നില്ല. പൗരത്വ നിയമം നടപ്പിലാക്കുന്നത് ബി.ജെ.പി വോട്ട് ബാങ്കിന് വേണ്ടി മാത്രമാണ്. അത് ബി.ജെ.പിക്ക് ഗുണപരമാണ്. എന്നാല്‍ അത് രാജ്യത്തിന് ഗുണപരമല്ലെന്നും നാരായണ്‍ ത്രിപാഠി പറഞ്ഞു.

തന്റെ കുടുംബം ഹിന്ദു പുരോഹിതരുടേതാണ്. എല്ലാവരും ബി.ജെ.പിയെ പിന്തുണക്കുന്നവര്‍. തന്റെ മണ്ഡലത്തിലെ മുസ്‌ലിംങ്ങള്‍ തന്നെ അവഗണിച്ചു തുടങ്ങി. ഗ്രാമങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പുരോഹിതര്‍ക്കും തെറ്റായ എന്തോ നടക്കുന്നു എന്ന തോന്നലാണുള്ളതെന്നും നാരായണ്‍ ത്രിപാഠി പറഞ്ഞു.

എന്‍.ആര്‍.സിയെ പോലുള്ള ഏത് തരം പ്രവര്‍ത്തിയെയും താന്‍ എതിര്‍ക്കുന്നു. കാരണം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് അവരുടെ പൗരത്വം തെളിയിക്കാന്‍ കഴിയില്ല. ഗ്രാമങ്ങളിലുള്ളവര്‍ ഒരു റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ ബുദ്ധിമുട്ടുകയാണ്. അവരെങ്ങനെ പൗരത്വം തെളിയിക്കും. ബി.ജെ.പി ഐക്യത്തെ കുറിച്ചും അഖണ്ഡതയെ കുറിച്ചും സംസാരിക്കുകയും ജനങ്ങളുടെ അഭിലാഷങ്ങളെ കത്തിച്ചു കളയുകയുമാണെന്നും നാരായണ്‍ ത്രിപാഠി പറഞ്ഞു.