ഹൈദരാബാദ്: പ്രവാചക നിന്ദ നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തില്‍ പോയതിന് പിന്നാലെ മുന്‍ ബി.ജെ.പി എം.എല്‍.എ വീണ്ടും അറസ്റ്റില്‍. പ്രവാചകനെതിരായ പരാമര്‍ശം വിവാദമായതോടെ ബി.ജെ.പി ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പി എം.എല്‍.എയായ ടി. രാജസിങ്ങിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്.
വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നും പാര്‍ട്ടി രാജയോട് ആവശ്യപ്പെട്ടിരുന്നു.
2022 ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളിലും രാജയ്‌ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് കേസെടുത്തിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് വിവാദ പരാമര്‍ശങ്ങള്‍ നടത്തി അനാവശ്യമായി ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫെബ്രുവരിയില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ശോഭ യാത്രയ്ക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നായിരുന്നു ടി. രാജ സിങ്ങിനെതിരെ ഏപ്രിലില്‍ രജിസ്റ്റര്‍ ചെയ്ത കേസ്.
പ്രവാചക നിന്ദ നടത്തിയതാണ് രാജയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത പുതിയ കേസ്. ഈ കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.
സംഭവത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താന്‍ രംഗത്തെത്തിയിരുന്നു.
രാജ്യത്തിന്റെ മതേതര ഘടന നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത രാജയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചു.
അത്തരത്തില്‍ വിദ്വേഷപ്രചാരകരെ എന്തിന് സ്വതന്ത്രനായി പോകാന്‍ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ചയാണ് പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള രാജയുടെ വീഡിയോ പുറത്തുവന്നത്. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു. രാജ സിങ് പ്രവാചക നിന്ദ നടത്തിയ സംഭവം നുപുര്‍ ശര്‍മ കേസിന് സമാനമാണെന്ന് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
മുമ്പ് ബി.ജെ.പി വക്താവായിരുന്ന നുപുര്‍ ശര്‍മയും ഇത്തരത്തില്‍ പ്രവാചക നിന്ദ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ പിന്നീട് പാര്‍ട്ടി ഇവരെയും പുറത്താക്കുകയായിരുന്നു.
മെയ് 28നായിരുന്നു ഗ്യാന്‍വാപി വിഷയത്തില്‍ ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ നുപുര്‍ ശര്‍മ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചത്. മുസ്‌ലിങ്ങള്‍
ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്തൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു.
Content Highlight: bjp mla again arrested for derogatory remarks against prophet