| Tuesday, 17th December 2024, 12:03 pm

വഖഫ് വിഷയത്തില്‍ ബി.ജെ.പി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ണാടക: വഖഫ് വിഷയത്തില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കര്‍ണാടക ബയോടെക്‌നോളജി, ഐ.ടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ.

കഴിഞ്ഞ ഒരാഴ്ചയായി ബി.ജെ.പി വഖഫ് വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നുവെന്നും എന്നാല്‍ തെളിവുകളോ രേഖകളോ ഇല്ലാതെയാണ് ബി.ജെ.പിയുടെ ആരോപണങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ് ബി.ജെ.പിയുടെ ഉദ്ദേശമെന്നും വഖഫ് കേസിന്റെ റിപ്പോര്‍ട്ട് അടിച്ചമര്‍ത്താന്‍ 150 കോടി രൂപ വാഗ്ദാനം ചെയ്തതിനെ കുറിച്ച് വിശദീകരണം നല്‍കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ പ്രതിപക്ഷ നേതാവും സംസ്ഥാന ബി.ജെ.പി അധ്യക്ഷനും മറ്റ് നേതാക്കളും വഖഫിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹാവേരി കര്‍ഷക ആത്മഹത്യ സംബന്ധിച്ച് പോലും കര്‍ണാടകയില്‍ നിന്നുള്ള എം.പിമാരുള്‍പ്പെടെ തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും പിന്നീട് ഇക്കാര്യങ്ങളെ ന്യായീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ മുതലെടുപ്പാണ് വഖഫിന്റെ പേരില്‍ നടക്കുന്നതെന്നും ഇരട്ടത്താപ്പാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും മന്ത്രി പറയുകയുണ്ടായി.

തെരഞ്ഞെടുപ്പിന് ശേഷവും കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ വിജയേന്ദ്ര അന്നത്തെ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന് കോടിക്കണക്കിന് രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായും ഖാര്‍ഗെ പറഞ്ഞു.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ ഉയര്‍ത്തുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ വിജയേന്ദ്രയുടെ വാദം.

വഖഫുമായി ബന്ധപ്പെട്ട അഴിമതി സംബന്ധിച്ച കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ വിജയേന്ദ്ര, മുഖ്യമന്ത്രി സിദ്ധരാമയ്യയെ വെല്ലുവിളിച്ചിരുന്നു. കോണ്‍ഗ്രസ് വഖഫില്‍ നടത്തിയ കയ്യേറ്റങ്ങള്‍ അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ആരോപണം നിഷേധിച്ചിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

Content Highlight: BJP misleads people by making baseless allegations on Waqf issue; Karnataka Minister Priyank Kharge

We use cookies to give you the best possible experience. Learn more