| Thursday, 11th November 2021, 10:55 am

അഞ്ചിടത്തും കോണ്‍ഗ്രസ് നേടും; ബി.ജെ.പിയെ വെല്ലുവിളിച്ച് സച്ചിന്‍ പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ബി.ജെ.പിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പെലറ്റ്. ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുകയും തെറ്റിദ്ധരിപ്പിച്ച് വോട്ടുനേടാന്‍ ശ്രമിക്കുകയുമാണെന്ന് സച്ചിന്‍ പറഞ്ഞു.

അഹങ്കാരത്തോടെയാണ് ബി.ജെ.പി നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്നും ഈ സ്വഭാവം വെച്ച് ജനങ്ങളെ സേവിക്കാന്‍ ബി.ജെ.പിക്ക് കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

”ധ്രുവീകരണം നടത്തി വോട്ട് പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്, പൊലിപ്പിച്ച് സംസാരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്,” സച്ചിന്‍ പൈലറ്റ് പറഞ്ഞു.

രാജസ്ഥാന്‍, കര്‍ണാടക, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിലെല്ലാം ബി.ജെ.പി നിലംപരിശായെന്ന് അദ്ദേഹം പറഞ്ഞു.

” സമയം ആയതിന്റെ അടയാളമാണിതെന്നാണ് ഞാന്‍ കരുതുന്നത്. കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തും. അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കും,” സച്ചിന്‍ പറഞ്ഞു.

മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും 14 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്
ഏറ്റത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 8, ബി.ജെ.പിക്ക് 7, തൃണമൂല്‍ കോണ്‍ഗ്രസിന് 4, ജെ.ഡി.യുവിനും എന്‍.പി.പിക്കും 2 സീറ്റ് വീതവും ലഭിച്ചു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ഐ.എന്‍.എല്‍.ഡി, എം.എല്‍.എഫ്, യു.ഡി.പി, എന്‍.ഡി.പി.പി, ടി.ആര്‍.എസ് എന്നീ പാര്‍ട്ടികള്‍ക്ക് ഒരു സീറ്റ് വീതമാണ് കിട്ടിയത്.

ലോക്സഭാ സീറ്റിന്റെ കാര്യത്തിലാണെങ്കില്‍ ഓരോ സീറ്റ് വീതം കോണ്‍ഗ്രസും ബി.ജെ.പിയും ശിവസേനയും നേടി. ഹിമാചല്‍പ്രദേശിലെ മണ്ഡി മണ്ഡലം ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിന് പിടിച്ചെടുക്കാന്‍ കഴിഞ്ഞത് തന്നെ വലിയ നേട്ടമാണ്.

ഹരിയാനയിലും കര്‍ണാടകയിലും പശ്ചിമബംഗാളിലും ബി.ജെ.പിക്കേറ്റ തിരിച്ചടി തീര്‍ച്ചയായും അടയാളപ്പെടുത്തേണ്ടതുതന്നെയാണ്. കര്‍ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ ജില്ലയായ ഹാവേരിയിലെ ബി.ജെ.പിയുടെ സിറ്റിംഗ് മണ്ഡലം ബി.ജെ.പിക്ക് കൈവിട്ടുപോയി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: BJP misleading people, creating polarisation to garner votes: Sachin Pilot

We use cookies to give you the best possible experience. Learn more