കൊൽക്കത്ത: ബി.ജെ.പി ന്യൂനപക്ഷ വിഭാഗം പിരിച്ചുവിടണമെന്ന പശ്ചിമ ബംഗാൾ നേതാവ് സുവേന്ദു അധികാരിയുടെ പരാമർശത്തിൽ വിമർശനവുമായി ബി.ജെ.പി ന്യൂനപക്ഷ മോർച്ച. സുവേന്ദു അധികാരി കാര്യം മനസിലാക്കാതെ ആവേശത്തിന്റെ പുറത്ത് പറഞ്ഞതാകാം ഇതെന്നും ബി.ജെ.പി ന്യൂനപക്ഷ മോർച്ച ജമാൽ സിദ്ദിഖി പറഞ്ഞു.
‘സുവേന്ദു അധികാരി ബി.ജെ.പിയിൽ പുതിയ ആളാണ്. അദ്ദേഹം വേറൊരു പാർട്ടിയിൽ നിന്ന് വന്നയാളാണ്. തൃണമൂലിൽ നിന്ന് വന്ന അധികാരിക്ക് കാര്യങ്ങൾ പെട്ടെന്ന് മനസിലാകാതെ വന്നതാവും. മുൻകാല രാഷ്ട്രീയ അനുഭവങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചിരിക്കാം. എന്നാൽ പാർട്ടി വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിയും.
അധികാരി വൈകാരികമായാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാൽ ബി.ജെ.പി അത്തരം വൈകാരിക പ്രേരണയോടെ പ്രവർത്തിക്കുന്ന ഒരു പാർട്ടിയല്ല. ആരുടേയും രാഷ്ട്രീയ ബന്ധങ്ങൾ നോക്കാതെ എല്ലാവരെയും കൂടെ കൂട്ടുന്ന പാർട്ടിയാണ് നമ്മുടേത്,’ ജമാൽ സിദ്ദിഖി പറഞ്ഞു.
ബി.ജെ.പിയുടെ സംസ്ഥാന നിർവാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ്, ബി.ജെ.പി ന്യൂനപക്ഷ വിഭാഗം പിരിച്ചു വിടണമെന്ന് സുവേന്ദു അധികാരി പറഞ്ഞത്.