ചെന്നൈ: ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ പുതിയ ചിത്രം ‘മാനാടി’നെതിരെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച. ചിത്രത്തില്‍ മുസ്‌ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി എം. സയീദ് ഇബ്രാഹിം ചിത്രത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്.
ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യുകയോ തമിഴ്‌നാട്ടില്‍ നിരോധിക്കുകയോ ചെയ്യണമെന്നാണ് സയീദ് ഇബ്രാഹിം ആവശ്യപ്പെടുന്നത്.
‘സംസ്ഥാനത്തിന്റെ വികസനത്തിന് ഉതകുന്ന നല്ല സന്ദേശങ്ങളുള്ള സിനിമകളാണ് കോളിവുഡില്‍ നിന്നും ഉണ്ടാവേണ്ടത്. ന്യൂനപക്ഷങ്ങളെ വിമര്‍ശിക്കുന്നതിനു പകരം പല മേഖലകളിലെ വിജയകഥകള്‍ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാവുന്നതാണ്’.സയീദ് ഇബ്രാഹിം പറഞ്ഞു.
‘നിയമലംഘകരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമായാണ് മുസ്‌ലിങ്ങളെ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ശക്തിയുള്ള മാധ്യമമായി പരിഗണിക്കപ്പെടുന്ന സിനിമ സമൂഹത്തിലേക്ക് പോസിറ്റീവ് സന്ദേശങ്ങളാണ് എത്തിക്കേണ്ടത്.
ന്യൂനപക്ഷ സമൂഹത്തില്‍ നിന്നുള്ളവരെ മൗലികവാദികളായി ചിത്രീകരിക്കുന്നത് അവരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ തൊപ്പി വെച്ചവരും കാവിയുടുത്തവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ രംഗം സമൂഹത്തിന്റെ മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്.
1998ല്‍ ഡി.എം.കെ ആയിരുന്നു അധികാരത്തില്‍. കോയമ്പത്തൂര്‍ സ്‌ഫോടനം ഇന്ന് ഒരു സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുന്ന സമയത്ത് അത് ആവശ്യമായ രീതിയില്‍ സെന്‍സര്‍ ചെയ്യേണ്ടതുണ്ട്’, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഈ വിഷയത്തില്‍ ഉടനടി ഇടപെടണമെന്നും സയീദ് ഇബ്രാഹിം ആവശ്യപ്പെട്ടു.
വണ്ണിയര്‍ സമുദായത്തെ ആക്ഷേപിച്ചു എന്നാരോപിച്ച് സൂര്യയുടെ ജയ് ഭീമിനെതിരെയും സയീദ് ഇബ്രാഹിം ആരോപണമുന്നയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സിലമ്പരസനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത മാനാട് പുറത്തിറങ്ങിയത്. നിരവധി പ്രശ്‌നങ്ങളായിരുന്നു ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നത്.
മുമ്പ് നിശ്ചയിച്ചിരുന്ന അതിരാവിലെയുള്ള ഷോകളും റെഗുലര്‍ ഷോകളും പലയിടങ്ങളിലും മുടങ്ങിയിരുന്നു. തമിഴ്നാട് എം.എല്‍.എയും നടനും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ ഇടപെട്ടതോടെയാണ് ചിത്രത്തിന്റെ റിലീസ് തന്നെ സാധ്യമായത്.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മാനാട് ചിമ്പുവിന്റെ 45ാം ചിത്രം കൂടിയാണ്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍ ആണ് നായിക.
അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് ചിത്രത്തില്‍ ചിമ്പു എത്തുന്നത്. ചിത്രത്തില്‍ എസ്.എ. ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: BJP Minority Morcha against Simbu’s Maanadu