ബി.ജെ.പി-ടി.ഡി.പി ഭിന്നത രൂക്ഷമാകുന്നു; ആന്ധ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചത് രണ്ട് ബി.ജെ.പി മന്ത്രിമാര്‍
National
ബി.ജെ.പി-ടി.ഡി.പി ഭിന്നത രൂക്ഷമാകുന്നു; ആന്ധ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചത് രണ്ട് ബി.ജെ.പി മന്ത്രിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th March 2018, 10:51 am

അമരാവതി: ആന്ധ്രപ്രദേശ് മന്ത്രിസഭയില്‍ നിന്ന് രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജി വച്ചു. ടി.ഡി.പി ബി.ജെ.പി ഭിന്നത രൂക്ഷമായതിനെത്തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കേന്ദ്രസര്‍ക്കാര്‍ ആന്ധ്രയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് രണ്ട് ടി.ഡി.പി മന്ത്രിമാര്‍ ഇന്ന് രാജിവയ്ക്കുമെന്നറിയച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ ബിജെപി മന്ത്രിമാര്‍ രാജിവയ്ക്കാനൊരുങ്ങുന്നത്.


അര്‍ധരാത്രിയില്‍ സമ്മര്‍ദ്ദ തന്ത്രവുമായി തെലുങ്കു ദേശം പാര്‍ട്ടി; രണ്ടു കേന്ദ്രമന്ത്രിമാര്‍ നാളെ രാജി വെയ്ക്കും


ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവാണ് ആന്ധ്രയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചുള്ള തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. അശോക് ഗജപതി രാജു, വൈ.എസ്. ചൗധരി എന്നീ ടി.ഡി.പി കേന്ദ്രമന്ത്രിമാരാണ് ഇന്ന് രാജി വെയ്ക്കുക.

രാജിയുമായി ബന്ധപ്പെട്ട് ഇന്നലെ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ചന്ദ്രബാബു നായിഡു ഉന്നയിച്ച പ്രധാന വാദങ്ങള്‍;

* ഞങ്ങളുടെ പ്രശ്നങ്ങള്‍ ബി.ജെ.പി പരിഗണിച്ചില്ല.

* ആന്ധ്രയിലെ പൗരന്മാരെ മനസില്‍ കണ്ടുകൊണ്ടാണ് ഈ തീരുമാനം.

* നാലുവര്‍ഷം ഞങ്ങള്‍ ക്ഷമയോടെ കാത്തിരുന്നു.

* പ്രശ്നങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ എല്ലാ തരത്തിലും ശ്രമിച്ചു.

* നന്ദിസൂചകമായും മുതിര്‍ന്ന രാഷ്ട്രീയനേതാവ് എന്ന നിലയിലും പ്രധാനമന്ത്രിയെ ഞങ്ങളുടെ തീരുമാനം അറിയിക്കാന്‍ ഞാന്‍ ശ്രമിച്ചു.

* എന്നാല്‍ പ്രധാനമന്ത്രിയെ സമീപിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു.

* കേന്ദബജറ്റ് ദിനം മുതല്‍ ഞങ്ങള്‍ ഈ പ്രശ്നം ഉന്നയിക്കുകയാണ്.

* എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് പ്രതികരണം ഉണ്ടായില്ല.

* ഇത് ഞങ്ങളുടെ അവകാശമാണ്. കേന്ദ്രം വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല.

* ഞങ്ങളെ കേള്‍ക്കാനുള്ള “മൂഡി”ലായിരുന്നില്ല കേന്ദ്രസര്‍ക്കാര്‍.

എന്നാല്‍ ചന്ദ്രബാബു നായിഡുവിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന തരത്തില്‍ അനുനയവുമായി നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര ധനമന്ത്രിയായ അരുണ്‍ ജയ്റ്റലി ആന്ധ്രയുടെ ആവശ്യങ്ങള്‍ വേണ്ടരീതിയില്‍ പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.