കത്വ സംഭവം: ജമ്മു-കാശ്മീരിലെ എല്ലാ ബി.ജെ.പി മന്ത്രിമാരും രാജി വെക്കുന്നു
National
കത്വ സംഭവം: ജമ്മു-കാശ്മീരിലെ എല്ലാ ബി.ജെ.പി മന്ത്രിമാരും രാജി വെക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th April 2018, 11:13 pm

ശ്രീനഗര്‍: കത്വയില്‍ മുസ്‌ലിം ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീരിലെ മുഴുവന്‍ ബി.ജെ.പി മന്ത്രിമാരും കൂട്ടരാജിക്കൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍. കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ബി.ജെ.പി മന്ത്രിമാര്‍ തന്നെ രംഗത്തെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പി.ഡി.പിയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

കുറ്റാരോപിതരെ പിന്തുണച്ച് റാലി നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച രണ്ട് ബി.ജെ.പി മന്ത്രിമാര്‍ മന്ത്രിസഭയില്‍ നിന്ന് രാജി വച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ നേതാവ് രാം മാധവും മന്ത്രിമാരുമായി നടന്ന കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മറ്റ് മന്ത്രിമാരും രാജി വെക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജിവച്ചാലും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്നാണ് സൂചന.


Read | കഠ്‌വ; പ്രതികള്‍ക്ക് പിന്തുണയുമായി മുന്‍ ബി.ജെ.പി മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും പ്രതിഷേധ റാലി


അതേസമയം, പ്രതികള്‍ക്ക് പിന്തുണയുമായി മുന്‍ ബി.ജെ.പി മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും പ്രതിഷേധ റാലി സംഘടിപ്പച്ചു. കത്വ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും പരാതിക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. നേരത്തെ പ്രതികളെ പിന്തുണച്ച് റാലി നടത്തിയതിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്നും രാജിവച്ച ലാല്‍ സിംഗിന്റെ നേതൃത്വത്തിലായിരുന്നു റാലി. ഇതില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഹിന്ദു ഏക്താ മഞ്ചിന്റെ പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടുണ്ട്.


Read | യു.പിയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി


കാശ്മീര്‍ മന്ത്രിസഭയിലെ ബി.ജെ.പി മന്ത്രിമാരായ ഗംഗയും ലാല്‍ സിംഗും പ്രതികള്‍ക്ക് വേണ്ടി നടത്തിയ റാലിയില്‍ പങ്കെടുത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കഠ്വ ബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദേശീയ പതാകയുമേന്തി റാലി നടത്തിയവരായിരുന്നു ഇരുവരും. ഹിന്ദു ഏക്താ മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. പ്രതിഷേധം രൂക്ഷമായപ്പോള്‍ ഇവര്‍ രാജിവെക്കുകയായിരുന്നു. പിന്നീട് പാര്‍ട്ടി പറഞ്ഞിട്ടാണ് തങ്ങള്‍ പ്രകടനത്തിന് പോയതെന്നും ഇവര്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും കത്തുവയില്‍ പ്രതികള്‍ക്ക് വേണ്ടി ഇവര്‍ പ്രകടനം നടത്തിയത്.