കേന്ദ്രസര്‍ക്കാര്‍ ആന്ധ്രയെ അവഗണിച്ചപ്പോള്‍ അവര്‍ ഞങ്ങളെയും അവഗണിച്ചു: രാജിവെച്ച ബി.ജെ.പി മന്ത്രിമാര്‍
Andhra Pradesh
കേന്ദ്രസര്‍ക്കാര്‍ ആന്ധ്രയെ അവഗണിച്ചപ്പോള്‍ അവര്‍ ഞങ്ങളെയും അവഗണിച്ചു: രാജിവെച്ച ബി.ജെ.പി മന്ത്രിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th March 2018, 9:12 am

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ ആന്ധ്രപ്രദേശിനെ അവഗണിച്ചതുമുതല്‍ തങ്ങളെയും ടി.ഡി.പി മന്ത്രിസഭ ശത്രുക്കളെപ്പോലെയാണ് കണ്ടതെന്ന് ആന്ധ്ര സര്‍ക്കാരില്‍ നിന്ന് രാജിവെച്ച ബി.ജെ.പി മന്ത്രിമാര്‍. ആരോഗ്യവകുപ്പ് മന്ത്രി കമിനേനി ശ്രീനിവാസും എന്‍ഡോവ്‌മെന്റ്‌സ് മന്ത്രി പി. മാണിക്യല റാവുവുമാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്.

ടി.ഡി.പി.യിലെ മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിനെ തുടര്‍ന്നായിരുന്നു വ്യാഴാഴ്ച ബി.ജെ.പി. മന്ത്രിമാരുടെ രാജി. എന്നാല്‍ സര്‍ക്കാര്‍ അവഗണനയെത്തുടര്‍ന്നാണ് രാജിയെന്നാണ് മാണിക്യല റാവുവിന്റെയും ശ്രീനിവാസിന്റെയും പക്ഷം.

മുഖ്യമന്ത്രി നായിഡുവും അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗങ്ങളും ആന്ധ്രപ്രദേശിനു മതിയായ ആനുകൂല്യങ്ങള്‍ നല്‍കാത്തതിന് ബി.ജെ.പിയെ ആവര്‍ത്തിച്ച് കുറ്റപ്പെടുത്തുന്നതായി ഈ രണ്ട് മന്ത്രിമാരെ കൂടാതെ രണ്ട് എംഎല്‍എമാരും പറഞ്ഞിരുന്നു.

“അവര്‍ ഞങ്ങളെ ശത്രുക്കളായാണ് കാണുന്നത്. ഞങ്ങളും ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണെന്നും ഈ സംസ്ഥാനത്തിന്റെ ക്ഷേമത്തിനായിത്തന്നെയാണ് നിലകൊള്ളുന്നതെന്നും അവര്‍ മറക്കുന്നു. ഞങ്ങളെ വില്ലന്മാരായിട്ടാണ് കാണുന്നത്, “മാണിക്യല റാവു പറഞ്ഞു.


Also Read:എ.ഐ.സി.സിയിലുള്ളവര്‍ അനര്‍ഹര്‍; ഇങ്ങനെ തുടരാനില്ലെന്നും വി.എം സുധീരന്‍


2014ലെ തെരഞ്ഞെടുപ്പു സമയത്തായിരുന്നു ടി.ഡി.പി.യും ബി.ജെ.പി.യും ഒന്നിക്കുന്നത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും പാക്കേജും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടി.ഡി.പി, എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പുറത്തു പോകുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.