ധീരമായ തീരുമാനങ്ങളാണ് പിണറായി വിജയന്റേത് എന്നാണ് നിതിന്‍ ഗഡ്കരിയുടെ സര്‍ട്ടിഫിക്കറ്റ്.
ന്യൂദല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രിമാരുടെ അഭിനന്ദനം. ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരുമാരുമായ നിതിന്‍ ഗഡ്കരിയും ധര്‍മ്മേന്ദ്ര പ്രധാനുമാണ് പിണറായി വിജയന് ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.
ധീരമായ തീരുമാനങ്ങളാണ് പിണറായി വിജയന്റേത് എന്നാണ് നിതിന്‍ ഗഡ്കരിയുടെ സര്‍ട്ടിഫിക്കറ്റ്. കേന്ദ്ര സര്‍ക്കാര് സംഘടിപ്പിച്ച സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ സമ്മേളനത്തിലായിരുന്നു നിതിന്‍ ഗഡ്കരി പിണറായി വിജയനെ പ്രശംസിച്ച് രംഗത്തെത്തിയത്.
വിവിധ പദ്ധതികള്‍ക്കായി ഭൂമിയേറ്റെടുക്കുന്ന വിഷയത്തില്‍ പിണറായി വിജയന്‍ സ്വീകരിച്ച നടപടികളാണ് കേന്ദ്രമന്ത്രിമാരുടെ ശ്രദ്ധയാകര്‍ഷിച്ചത്. പദ്ധതികള്‍ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ കേരളത്തില്‍ വലിയ പ്രശ്‌നമാണെന്നു പറഞ്ഞ ഗഡ്കരി പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം ഇക്കാര്യത്തില്‍ ധീരമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്നും വ്യക്തമാക്കി.
പ്രകൃതി വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചോദ്യം ഉയര്‍ന്നപ്പോള്‍ പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മാതൃകയായി അവതരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടായിരുന്നു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ എല്ലാ സഹായവും ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ” പിണറായിയെ കണ്ട് നിങ്ങള്‍ പഠിക്കണം” എന്നും മന്ത്രി പറഞ്ഞു.