| Friday, 2nd July 2021, 6:24 pm

ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റലില്‍ ബി.ജെ.പി. മന്ത്രിമാര്‍ സമ്പാദിച്ചത് 100 കോടി രൂപ; ഗുരുതര വെളിപ്പെടുത്തലുമായി ബി.ജെ.പി. എം.എല്‍.എ.

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാറില്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റല്‍ വഴി മന്ത്രിമാര്‍ കോടിക്കണക്കിന് രൂപ സമ്പാദിക്കുന്നതായി ബി.ജെ.പി. എം.എല്‍.എയുടെ വെളിപ്പെടുത്തല്‍. ബി.ജെ.പി. മന്ത്രിമാര്‍ മാത്രം ഇത്തരത്തില്‍ 100 കോടി രൂപ കൈക്കലാക്കിയിട്ടുണ്ടെന്ന് ജ്ഞാനേന്ദ്ര സിംഗ് പറയുന്നു.

‘ബി.ജെ.പി. മന്ത്രിമാര്‍ 100 കോടിയോളം രൂപ ട്രാന്‍സ്ഫര്‍ വഴി സമ്പാദിച്ചിട്ടുണ്ട്. ജെ.ഡി.യു. മന്ത്രിമാരും ഇത്തരത്തില്‍ പണം നേടുന്നുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇതില്‍ ഇടപെടണം,’ ജ്ഞാനേന്ദ്ര സിംഗ് പറഞ്ഞു.

ഓരോ സ്ഥലം മാറ്റത്തിന് 4 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് മന്ത്രിമാരും എം.എല്‍.എമാരും വാങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരു ബി.ജെ.പി. എം.എല്‍.എയായ ഹരിഭൂഷണ്‍ ഠാക്കൂറും ഇത് ശരിവെച്ചു.

സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് ഏക കാരണം പണമാണെന്ന് ഠാക്കൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥര്‍ ഏകാധിപത്യ നിലപാടെടുക്കുന്നുവെന്നടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സാമൂഹ്യക്ഷേമ മന്ത്രി മദന്‍ സാഹ്നി രാജിവെച്ചത്.

ബഹാദുര്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് മദന്‍ സാഹ്നി.

‘ബ്യൂറോക്രസിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ടാണ് ഞാന്‍ രാജിവെക്കുന്നത്. എനിക്ക് വീടും വാഹനവും ഒക്കെ ജനങ്ങളെ സേവിക്കാനായി ലഭിച്ചിട്ടുണ്ട്. പക്ഷെ ജനങ്ങളെ സേവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണിതെല്ലാം?,’ മദന്‍ സാഹ്നി ചോദിച്ചു.

ഉദ്യോഗസ്ഥരെല്ലാം ഏകാധിപതികളായാണ് പെരുമാറുന്നത്. അവര്‍ മന്ത്രിമാരെ മാത്രമല്ല, ജനപ്രതിനിധികളെ പോലും ശ്രദ്ധിക്കുന്നില്ലെന്നും മദന്‍ സാഹ്നി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP ministers in Bihar have earned Rs 100 crore through transfer of officials, BJP MLA claims

We use cookies to give you the best possible experience. Learn more