| Friday, 2nd June 2023, 11:21 am

മണിപ്പൂരില്‍ കലാപമുണ്ടായപ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി; ബി.ജെ.പി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിമാരും എം.എല്‍.എമാരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട ബി.ജെ.പി മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. മെയ്തി, കുക്കി വിഭാഗങ്ങള്‍ക്ക് പുറമെ ബി.ജെ.പിയിലെ ഒരു വിഭാഗം തന്നെ മുഖ്യമന്ത്രിയില്‍ അവിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കലാപം തടയുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗമാണ് എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തിയത്. മുഖ്യമന്ത്രി പരാജയമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പോക്കാം ഹോക്കിപ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ കുക്കി വിഭാഗത്തില്‍ നിന്നുള്ള രണ്ട് മന്ത്രിമാരും പത്തിലേറെ എം.എല്‍.എമാരും അമിത് ഷായെ നേരില്‍ക്കണ്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. കലാപം തടയുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും പലപ്പോഴും സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ് ചെയ്തതെന്ന് മെയ്തി വിഭാഗവും പറയുന്നു.

മെയ്തി വിഭാഗത്തില്‍ നിന്ന് വെറും 25 ശതമാനത്തോളം പേര്‍ മാത്രമെ ബിരേന്‍ സിങ്ങിനെ പിന്തുണക്കുന്നുള്ളൂവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അമിത് ഷായ്‌ക്കൊപ്പം യാത്ര ചെയ്യാന്‍ ബിരേന്‍ സിങ് മടിച്ചിരുന്നു. ജനരോഷം തടയാനാകില്ലെന്ന് മുന്‍കൂട്ടി കണ്ടാണ് അദ്ദേഹം സന്ദര്‍ശനം മാറ്റിവെച്ചത്.

2015ലെ കലാപത്തില്‍ ഒമ്പത് പേര്‍ മരിച്ചപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയായ ബിരേന്‍ സിങ് എന്ന കാര്യവും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ സംസ്ഥാന പൊലീസ് മേധാവിയെ മാറ്റിയിരുന്നു. സംസ്ഥാനത്ത് ക്രമസാമാധാന നില തിരിച്ചുപിടിക്കാന്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ സമാധാന കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും തീരുമാനമായിരുന്നു.

പൊലീസ് സ്റ്റേഷനും സൈനിക കേന്ദ്രങ്ങളും ആക്രമിച്ച് ആയുധങ്ങള്‍ കൈക്കലാക്കിയവര്‍ അവ ഉടനെ തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അമിത് ഷാ പറഞ്ഞു.

മണിപ്പൂരിലെ മെയ്തി വിഭാഗങ്ങളെ എസ്.ടി സംവരണത്തിലേക്ക് കൊണ്ടുവരാനുള്ള ബിരേന്‍ സിങ് സര്‍ക്കാരിന്റെ നീക്കമാണ് കലാപത്തിന് തുടക്കമിട്ടത്. മെയ്തികളെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ബി.ജെ.പി സര്‍ക്കാരിന്റെ ഈ നീക്കം.

Content Highlights: bjp ministers and mlas demand manipur cm n biren singh’s resignation
We use cookies to give you the best possible experience. Learn more