ഭോപ്പാല്‍: ബോളിവുഡ് താരം സണ്ണി ലിയോണിനും സംഗീതസംവിധായകന്‍ സാഖിബ് തോഷിക്കിനും ‘അശ്ലീല’ രംഗങ്ങളുള്ള മ്യൂസിക് വീഡിയോ നീക്കം ചെയ്യാന്‍ 72 മണിക്കൂര്‍ സമയം നല്‍കി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര.
1960-ല്‍ പുറത്തിറങ്ങിയ കോഹിനൂര്‍ എന്ന ചിത്രത്തിലെ ‘മധുബന്‍ മേ രാധിക നാച്ചേ’ എന്ന ഗാനത്തിന്റെ പുനരാവിഷ്‌ക്കാര വീഡിയോയാണ് നനീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്.
കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെ ആസ്പദമാക്കിയുള്ള ഗാനമാണതെന്നും നടിയുടെ നൃത്തത്തിലെ ‘ചില ചേഷ്ടകള്‍’ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നുമാണ് ഉയരുന്ന ആരോപണം.
‘ചിലര്‍ തുടര്‍ച്ചയായി ഹിന്ദുവികാരം വ്രണപ്പെടുത്തുന്നുണ്ട്. രാധയ്ക്ക് (കൃഷ്ണഭഗവാന്റെ ഭാര്യ) ക്ഷേത്രങ്ങളുണ്ട്. ഞങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്നു. സാഖിബ് തോഷിക്ക് തന്റെ മതവുമായി ബന്ധപ്പെട്ട പാട്ടുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള പാട്ടുകള്‍ ഞങ്ങളെ വ്രണപ്പെടുത്തും. മൂന്ന് ദിവസത്തിനകം വീഡിയോ നീക്കം ചെയ്തില്ലെങ്കില്‍ ഇതിനെതിരെ ഞാന്‍ നിയമോപദേശവും നടപടിയും സ്വീകരിക്കും,’ മിശ്ര പറഞ്ഞു.
നേരത്തെയും മിശ്ര ഡിസൈനര്‍ സബ്യസാചി ഉള്‍പ്പെടെയുള്ള ആളുകളെ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നതായി ആരോപിച്ചുകൊണ്ട് നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്നുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് സണ്ണി ലിയോണ്‍.
ഡിസൈനര്‍ സബ്യസാചി മുഖര്‍ജിക്ക് ‘അശ്ലീലം’ എന്നര്‍ത്ഥമുള്ള ഒരു ആഭരണ ശേഖരത്തിന്റെ പേരില്‍ വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. മിശ്ര പൊലീസ് നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡിസൈനര്‍ക്ക് ആഗോള ബ്രാന്‍ഡായ തന്റെ മംഗള്‍സൂത്ര ശേഖരത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയല്‍ പിന്‍വലിക്കേണ്ടി വന്നിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ബ്രാന്‍ഡുകളിലൊന്നായ ഡാബറില്‍ നിന്നുള്ള കര്‍വ ചൗത്ത് പരസ്യത്തിനെതിരെ മിശ്ര ആഞ്ഞടിച്ചിരുന്നു. കൂടാതെ ഒരു വെബ് സീരീസിന്റെ ചിത്രീകരണത്തിന്റെ പേരില്‍ ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് പ്രകാശ് ഝായയും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
സിനിമ സെറ്റില്‍ ഭരണകക്ഷിയായ ബി.ജെ.പിയുമായി ബന്ധമുള്ള വലതുപക്ഷ ഗ്രൂപ്പായ ബജ്റംഗ്ദളില്‍ നിന്നുള്ളവരാണ് സിനിമാ സംഘത്തെ കൈയേറ്റം ചെയ്തത്.
ബി.ജെ.പിയുടെയും വലതുപക്ഷ ഗ്രൂപ്പുകളുടെയും സമ്മര്‍ദത്തെത്തുടര്‍ന്ന് സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്മാരായ കുനാല്‍ കമ്ര, മുനവര്‍ ഫാറൂഖി എന്നിവരുടെ ഷോകള്‍ റദ്ദാക്കേണ്ടിവന്നപ്പോള്‍ അവര്‍കര്‍ക്കൊപ്പം നിന്ന കോണ്‍ഗ്രസ് നേതാവ് വിജയ് സിംഗിനെതിരെ മിശ്ര രംഗത്തുവന്നിരുന്നു.
സണ്ണി ലിയോണിനെതിരെയും തോഷിയുടെ വീഡിയോയ്ക്കെതിരെയും നടപടി ആവശ്യപ്പെട്ടുകൊണ്ട് മന്ത്രിക്കു പുറമേ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഹിന്ദു പുരോഹിതരും രംഗത്തെത്തിയിട്ടുണ്ട്.
നടിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയും അവരുടെ വീഡിയോ ആല്‍ബം നിരോധിക്കുകയും ചെയ്തില്ലെങ്കില്‍ തങ്ങള്‍ കോടതിയെ സമീപിക്കുമെന്ന് വൃന്ദാബനിലെ സന്ത് നവല്‍ ഗിരി മഹാരാജ് പറഞ്ഞു.