പട്‌ന: ബീഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് 1 മണിവരെ 25.3 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധയിടങ്ങളില്‍ വോട്ടിങ് മെഷീന്‍ തകരാറുകാരണം വോട്ടിങ് അനിശ്ചിതമായി നീളുന്നുമുണ്ട്.
ഇതിനിടെ ബി.ജെ.പിയുടെ ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച് പോളിങ് ബൂത്തിനുള്ളില്‍ കയറിയ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ പ്രേം കുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രകാരം പോളിങ് ബൂത്തിന് 100 മീറ്റര്‍ അകത്ത് പാര്‍ട്ടി ചിഹ്നമോ പതാകയോ ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഈ ചട്ടം മറികടന്നുകൊണ്ടായിരുന്നു ബി.ജെ.പിയുടെ ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച് മന്ത്രി പോളിങ് ബൂത്തിനകത്ത് പ്രവേശിച്ചത്.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രേം കുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗയ ഡി.എമ്മിനോട് ആവശ്യപ്പെടുകയായിരുന്നു.
ഗയയില്‍ നിന്നും രണ്ടാം തവണയാണ് ഇദ്ദേഹം ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ അഖൗരി ഓങ്കര്‍ നാഥിനെതിരെയാണ് മത്സരിക്കുന്നത്.
2015 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയ രഞ്ജനെതിരെ മത്സരിച്ചായിരുന്നു പ്രേംകുമാര്‍ വിജയിച്ചത്.
നിലവില്‍ എന്‍.ഡി.എ സര്‍ക്കാരിലെ കാര്‍ഷിക-മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആക്ടിലെ സെക്ഷന്‍ 130 പ്രകാരം വോട്ടെടുപ്പ് നടക്കുന്ന ദിവസം പോളിങ് സ്റ്റേഷനില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകളോ അടയാളങ്ങളോ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നില്ല. രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്, ചിഹ്നം അല്ലെങ്കില്‍ മുദ്രാവാക്യം അടങ്ങിയ തൊപ്പികള്‍, ഷാള്‍ തുടങ്ങിയവ ധരിക്കാനും പാടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP Minister Prem Kumar Wears Party Mask To Polling Booth; EC Orders FIR