ഇവിടെ ഒരു മിനിട്ടില്‍ മുപ്പത് കുട്ടികള്‍ ജനിക്കുന്നു, പിന്നെയെങ്ങനെ ചൈനയുമായി മത്സരിക്കും: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
national news
ഇവിടെ ഒരു മിനിട്ടില്‍ മുപ്പത് കുട്ടികള്‍ ജനിക്കുന്നു, പിന്നെയെങ്ങനെ ചൈനയുമായി മത്സരിക്കും: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th November 2022, 5:21 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ പാസാക്കേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്. ചൈനയിലെ ജനസംഖ്യയെയും ജനസംഖ്യാ നിയന്ത്രണങ്ങളെയും ഇന്ത്യയിലേതുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ഇന്ത്യയില്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ എന്ന നയം നിര്‍ദേശിക്കുന്ന ജനസംഖ്യാ നിയന്ത്രണ ബില്‍ ഉടന്‍ പാസാക്കണമെന്നാണ് കേന്ദ്രമന്ത്രി ഞായറാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞത്.

”ജനസംഖ്യാ നിയന്ത്രണ ബില്‍ നിര്‍ണായകമാണ്. നമ്മള്‍ക്ക് പരിമിതമായ വിഭവങ്ങള്‍ മാത്രമേയുള്ളൂ.

ചൈന ‘ഒറ്റ കുട്ടി നയം’ നടപ്പിലാക്കി, ജനസംഖ്യ നിയന്ത്രിക്കുകയും വികസനം കൈവരിക്കുകയും ചെയ്തു. ചൈനയില്‍ ഒരു മിനിട്ടില്‍ 10 കുട്ടികള്‍ ജനിക്കുമ്പോള്‍ ഇന്ത്യയില്‍ അത് ഒരു മിനിട്ടില്‍ 30 കുട്ടികള്‍ എന്ന കണക്കാണ്.

പിന്നെ ചൈനയുമായി നമ്മള്‍ എങ്ങനെ മത്സരിക്കും,” ഗിരിരാജ് സിങ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ജാതിമത വ്യത്യാസങ്ങളില്ലാതെ നിയമം രാജ്യത്തെ എല്ലാവര്‍ക്കും ബാധകമാക്കണമെന്നും ലംഘിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കരുതെന്നും നിയമം ലംഘിക്കുന്നവരുടെ വോട്ടവകാശം പോലും എടുത്തുകളയണമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

നേരത്തെയും ഗിരിരാജ് സിങ്ങടക്കമുള്ള ബി.ജെ.പി നേതാക്കളും മറ്റ് നിരവധി വലതുപക്ഷ സംഘടനകളും ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ച പരിശോധിക്കണമെന്നും അത് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

അതേസമയം, ഈയടുത്ത് പുറത്തുവന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ച സ്ഥിരത കൈവരിക്കുന്നുണ്ടെന്നും ‘പ്രതിവര്‍ഷം 0.7% എന്ന തോതില്‍ അത് വളരുകയാണെന്നും’ പറയുന്നുണ്ട്. 2023ല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ചൈനയെ മറികടന്നുകൊണ്ട് ഇന്ത്യ മാറുമെന്നും യു.എന്‍ റിപ്പോര്‍ട്ടിലുണ്ട്.

”നവംബര്‍ 15ന് ലോകജനസംഖ്യ എട്ട് ബില്യണ്‍ ആളുകളില്‍ എത്തും. പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തിശുചിത്വം, മരുന്നുകള്‍ എന്നിവയിലെ പുരോഗതി കാരണം മനുഷ്യന്റെ ആയുസ്സ് ആനുപാതികമായി വര്‍ധിച്ചതാണ് ഈ അഭൂതപൂര്‍വമായ വളര്‍ച്ചക്ക് കാരണം.

ചൈനയുടെ ജനസംഖ്യ നിലവിലിപ്പോള്‍ വളരുന്നില്ല. 2023ല്‍ തന്നെ അത് കുറയാന്‍ തുടങ്ങിയേക്കാം,” എന്നായിരുന്നു യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ടില്‍ (UN’s Population Fund report) പറഞ്ഞിരുന്നത്.

Content Highlight: BJP minister Giriraj Singh seeks tough population control law, says Population Control Bill is Crucial comparing with China