അഗര്‍ത്തല: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തുന്ന പോളിങ് സ്റ്റേഷനുകള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബി.ജെ.പി മന്ത്രി രത്തന്‍ ലാല്‍ നാഥ്. കിഴക്കന്‍ ത്രിപുരയിലെ അഗര്‍ത്തല, ഖോവായ് അടക്കമുള്ള അഞ്ച് നിയമസഭാ മണ്ഡലത്തിലെ ബൂത്തുകള്‍ക്കാണ് മന്ത്രി രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചരിക്കുന്നത്
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തുന്ന പോളിങ് സ്റ്റേഷനുകള്‍ക്ക് വ്യക്തിപരമായി രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് മന്ത്രി രത്തന്‍ ലാല്‍ നാഥ് പറഞ്ഞത്. പ്രഖ്യാപനത്തിന് പിന്നാലെ സംഭവം വിവാദമായിരിക്കുകയാണ്.
പ്രഖ്യാപനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍, ജനങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും എന്നാല്‍ ബി.ജെ.പിയേക്കാള്‍ നല്ല ഒരു പാര്‍ട്ടി വേറെയുണ്ടോയെന്ന് വോട്ടര്‍മാര്‍ ചൂണ്ടിക്കാട്ടണമെന്നും മന്ത്രി പറയുന്നുണ്ട്. ചതിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ബി.ജെ.പി മന്ത്രി പറഞ്ഞു.
അതേസമയം രത്തന്‍ ലാലിന്റെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസും സി.പി.ഐ.എമ്മും രംഗത്തെത്തി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഇരു പാര്‍ട്ടികളും വ്യക്തമാക്കി.
ബി.ജെ.പി മന്ത്രിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രത്തന്‍ ലാലിന്റെ പ്രസ്താവന ജനാധിപത്യം, തെരഞ്ഞെടുപ്പ്, വോട്ടെടുപ്പ് എന്നിവയെ കുറിച്ച് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുവെന്ന് സി.പി.ഐ.എമ്മും കമ്മീഷന് അയച്ച കഥയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം ത്രിപുരയില്‍ വന്‍തോതിലുള്ള കള്ളവോട്ട് തടയുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജയിച്ചെങ്കിലും ഗുണ്ടായിസം അനിയന്ത്രിതമായി പോയെന്നും വോട്ടവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് അത് വോട്ടര്‍മാരെ തടഞ്ഞുവെന്നും കോണ്‍ഗ്രസ് നേതാവ് സുദീപ് റോയ് ബര്‍മന്‍ പറഞ്ഞു.
Content Highlight: BJP minister announced reward for the polling stations that recorded the most votes