| Tuesday, 2nd August 2022, 6:31 pm

കൊവിഡ് വാക്സിനേഷന്‍ ഡ്രൈവ് കഴിഞ്ഞാലുടന്‍ ഇന്ത്യയില്‍ സി.എ.എ നടപ്പിലാക്കും: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വാക്സിനേഷന്‍ ഡ്രൈവ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമം (സിറ്റിസണ്‍ഷിപ്പ് അമന്‍മെന്റ് ആക്ട്) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പി നേതാവും പശ്ചിമ ബംഗാള്‍ നിയമസഭാ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഈ പരാമര്‍ശം.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി നിയമമാണ് സി.എ.എ.

കൊവിഡ് വാക്സിനേഷന്റ മൂന്നാം ഡോസ് പൂര്‍ത്തിയാകുന്നതനുസരിച്ച് സി.എ.എയുമായി മുന്നോട്ട് പോകാനാണ് പാര്‍ലമെന്റില്‍വെച്ച് നടന്ന കൂടികാഴ്ചയില്‍ തീരുമാനമായത്. നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷം ദീര്‍ഘകാലമായി തീരുമാനമാകാതെ കിടക്കുകയായിരുന്നു സി.എ.എ.

2022 ഏപ്രിലില്‍ ആരംഭിച്ച ബൂസ്റ്റര്‍ഡോസ് വാക്സിനേഷന്‍ ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് കരുതുന്നതായി സുവേന്ദു അധികാരി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്ന ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ചും അമിത് ഷായും സുവേന്ദു അധികാരിയുമായുള്ള ചര്‍ച്ചയില്‍ സംസാരിച്ചു.

2019 ഡിസംബര്‍ 11 നായിരുന്നു പാര്‍ലമെന്റ് സി.എ.എ പാസാക്കിയത്. തൊട്ടടുത്ത ദിവസംതന്നെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നിന്നും ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നിയമം സംബന്ധിച്ച ചട്ടങ്ങളൊന്നും തന്നെ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല.

പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഈ സാഹചര്യത്തിലും സി.എ.എയുമായി മുന്നോട്ടുപോകാനാണ് അമിത് ഷായുടെ തീരുമാനം.

Content Highlight: BJP minister Amit Shah says the government will soon implement CAA after completing the covid booster dose vaccination

We use cookies to give you the best possible experience. Learn more