കൊല്‍ക്കത്ത: ഈ മാസം ഡിസംബറില്‍ തന്നെ ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എല്ലാ ഹെലികോപ്റ്ററുകളും ബി.ജെ.പി ബുക്ക് ചെയ്തിട്ടുണ്ടെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് വിങ്ങിന്റെ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. മൂന്നാം തവണയും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന് സ്വേഛാധിപത്യ ഭരണം നേരിടേണ്ടി വരുമെന്നും അവര്‍ വിമര്‍ശിച്ചു.
‘തുടര്‍ച്ചയായ മൂന്നാം തവണയും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് സ്വേഛാധിപത്യ ഭരണമായിരിക്കും. അവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡിസംബറിലോ ജനുവരിയിലോ തന്നെ നടത്തുമെന്ന് ഞാന്‍ ആശങ്കപ്പെടുന്നുണ്ട്. ഇപ്പോള്‍ തന്നെ രാജ്യത്തെ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം നിലനില്‍ക്കുന്ന ഒന്നാക്കി ബി.ജെ.പി മാറ്റിക്കഴിഞ്ഞു. അവര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ വെറുപ്പിന്റെ രാഷ്ട്രമാക്കി മാറ്റും,’ മമത പറഞ്ഞു. പ്രചരണത്തിനായി ബി.ജെ.പി എല്ലാ ഹെലികോപ്റ്ററുകളും ബുക്ക് ചെയ്‌തെന്നും അതിനാല്‍ മറ്റുള്ള പാര്‍ട്ടികള്‍ക്ക് അവ ഉപയോഗിക്കാന്‍ കഴിയില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
ബംഗാളിലെ മൂന്ന് പതിറ്റാണ്ടായുള്ള സി.പി.ഐ.എം ഭരണത്തെ അവസാനിപ്പിച്ചെന്നും ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടുമെന്നും അവര്‍ പറഞ്ഞു.
ബംഗാളിലെ അനധികൃത പടക്കനിര്‍മാണ ശാലയിലെ സ്‌ഫോടനത്തില്‍ 9 പേര്‍ മരിച്ചതിനെ കുറിച്ചും മമത സംസാരിച്ചു. ചിലയാളുകള്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിനെ പിന്തുണക്കുകയും ചെയ്യുന്നെന്ന് മമത കുറ്റപ്പെടുത്തി.
‘ ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരും അവരുടെ ഡ്യൂട്ടി വളരെ ആത്മാര്‍ത്ഥമായാണ് ചെയ്യുന്നത്. എന്നാല്‍ ചില പൊലീസുകാര്‍ ഇത്തരം ആളുകളെ പിന്തുണക്കുന്നു. റാഗിങ് വിരുദ്ധ സെല്ലുകള്‍ ഉള്ളതുപോലെ തന്നെ ബംഗാളില്‍ അഴിമതി വിരുദ്ധ സെല്ലുകളും ഉണ്ടെന്നത് ഇത്തരം പൊലീസുകാര്‍ ഓര്‍മ്മിക്കണം,’ മമത പറഞ്ഞു.
Content Highlights: BJP might conduct the Lok Sabha polls in December itself: Mamata banerjee