ബി.ജെ.പിയുടെ ആളുകള്‍ ഞങ്ങളുടെ വോട്ടുകള്‍ തട്ടിയെടുത്തു; ഫരീദാബാദ് പൊലീസില്‍ ദളിത് സ്ത്രീകളുടെ മൊഴി
ന്യൂദല്‍ഹി: ആദ്യമായി പോളിംഗ് ബൂത്തിലെത്തിയ തന്റെ വോട്ട് ബി.ജെ.പിയുടെ ബൂത്ത് ഏജന്റ് തട്ടിയെടുത്തതിലെ അമര്‍ഷത്തിലാണ് ഫരീദാബാദിലെ 23കാരിയായ വിവേചന എന്ന ദളിത് യുവതി. മണിക്കൂറുകളോളം വരിയില്‍ നിന്ന് ബൂത്തിലെത്തിയ താന്‍, വോട്ടിങ് യന്ത്രത്തില്‍ ബി.എസ്.പി ചിഹ്നം തിരയവെ തന്റെ അനുവാദം കൂടാതെ ബി.ജെ.പി ഏജന്റ് ആയ ഗിരിരാജ് സിങ് താമര ചിഹ്നത്തിന് വോട്ടമര്‍ത്തിയെന്ന് വിവേചന പറയുന്നു.
പ്രസ്തുത സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും സംഭവത്തിനെതിരെ കനത്ത പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇയാളെ അറസ്റ്റ് ചെയ്ത് അന്വേഷണവും ആരംഭിച്ചിരുന്നു.
‘ഞാന്‍ തരിച്ചു പോയി. എന്റെ വോട്ട് എന്തിന് തട്ടിയെടുത്തെന്ന് ചോദിച്ച് ഞാന്‍ വീണ്ടും ബട്ടണില്‍ അമര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ അത് കഴിഞ്ഞെന്ന് പറഞ്ഞ് അയാള്‍ തന്റെ ഇരിപ്പിടത്തിലേക്ക് തിരിച്ചു പോയി. ഞാന്‍ ബി.എസ്.പിക്ക് വോട്ടു ചെയ്യാന്‍ ശ്രമിച്ചെങ്കിലും എന്റെ വോട്ട് അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു’- വിവേചന പൊലീസിന് മൊഴി നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
‘ഞങ്ങള്‍ പരാതി പറയാന്‍ പോയില്ല. ബൂത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. അവര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വ്യക്തമല്ലെ. പിന്നെ പരാതി കൊണ്ട് കാര്യമില്ലല്ലോ’- വിവേചന പറയുന്നു.
ഇതേ ബൂത്തില്‍ വെച്ച് മറ്റൊരു സ്ത്രീയോട് ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ സിങ് ആവശ്യപ്പെടുന്ന മറ്റൊരു വീഡിയോയും പുറത്തു വന്നിരുന്നു.
‘ഞാന്‍ 10:30 നാണ് വോട്ടു ചെയ്യാന്‍ പോയത്. ബൂത്തിലെത്തിയപ്പോള്‍ ഗിരിരാജ് സിങ് താമര ചിഹ്നത്തിലേക്ക് വിരല്‍ ചൂണ്ടി അതിന് വോട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് പറയാന്‍ താന്‍ ആളല്ലെന്ന് ഞാന്‍ തിരിച്ചടിച്ചു. ഞാന്‍ ബി.എസ്.പിക്ക് വോട്ടു ചെയ്ത് പുറത്തിറങ്ങി. പിന്നീടാണ് മറ്റുള്ളവരോടും സമാനമായ രീതിയില്‍ പെരുമാറിയെന്ന് ഞാന്‍ അറിയുന്നത്’- ശോഭ പറയുന്നു.
രജ്പുത്തുകള്‍ ഭൂരിപക്ഷമുള്ള പ്രദേശത്ത് താമസിക്കുന്ന ദളിതരായ തങ്ങള്‍ ആര്‍ക്കാണ് വോട്ടു ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമായ ധാരണയുള്ളത് കൊണ്ടാണ് ഇവര്‍ തങ്ങളെ ലക്ഷ്യം വെച്ചതെന്ന് വിദ്യ എന്ന മറ്റൊരു സ്ത്രീ പറയുന്നു.
‘ഞങ്ങള്‍ എല്ലാവരും വര്‍ഷങ്ങളായി ബി.എസ്.പിക്ക് വോട്ടു ചെയ്യുന്നവരാണ്. ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യവുമാണ്. ഇങ്ങനൊന്ന് ഇതു വരെ സംഭവിച്ചിട്ടില്ല. ബൂത്തിലെ ആളുകള്‍ക്ക് ഞങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്യും എന്ന ധാരണയുള്ളത് കൊണ്ടാണ് ഞങ്ങളെ ലക്ഷ്യം വെച്ചത്’- വോട്ടു നഷ്ടപ്പെട്ട വിദ്യ പറയുന്നു.
വോട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു വ്യക്തിയെയേയും വീഡിയോയില്‍ കാണാമായിരുന്നു. ഇയാള്‍ ബി.ജെ.പിയുമായി ബന്ധമുള്ള വിജയ് റാവത്ത് ആണെന്നാണ് നിഗമനം. ഇയാള്‍ക്കെതിരേയും പൊലീസ് എഫ്.െഎ.ആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച വോട്ടെടുപ്പു നടന്ന ഫരീദാബാദില്‍ 64.48% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2014ല്‍ 64.98% ആയിരുന്നു പോളിങ്.