| Saturday, 17th November 2018, 9:29 am

നാമജപ യാത്രയില്‍ ബി.ജെ.പി മെമ്പര്‍ഷിപ്പ് വിതരണം; ശബരിമല പ്രശ്‌നങ്ങളിലൂടെ കൂടുതലാളുകളെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഭക്തരെ മുതലെടുക്കാന്‍ ബി.ജെ.പിയുടെ ശ്രമം. ശബരിമല വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്ത് വരുന്ന ഭക്തര്‍ക്കിടയില്‍ ബി.ജെ.പി അംഗത്വം നല്കാന്‍ ശ്രമിക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൈന്ദവ സമൂഹത്തില്‍ അനുകൂലമായി ഉണ്ടായിട്ടുള്ള ചായ്വ് അക്കൗണ്ടിലാക്കാനാണ് പാര്‍ട്ടിയുടെ നീക്കം. സമരത്തിന്റെ നേതൃത്വം പരസ്യമായി ഏറ്റെടുക്കാതിരിക്കുകയും എന്നാല്‍ അതിന്റെ ഗുണഫലം സ്വന്തമാക്കുകയും ചെയ്യാവുന്ന വിധത്തിലാണ് പാര്‍ട്ടി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ശബരിമല സമരം ശക്തമായി നിലനില്‍ക്കുമ്പോള്‍ തന്നെ പാര്‍ട്ടി അംഗത്വ വിതരണവും ഊര്‍ജിതമാക്കാനാണ് തീരുമാനം.

അതേ സമയം സുപ്രീംകോടതി വിധിക്കെതിരേ സമരം നടത്തിയത് പാര്‍ട്ടി അല്ലെന്നും അതെല്ലാം വിശ്വാസികളുടെ പ്രതിഷേധമാണെന്നും പാര്‍ട്ടി പറയുന്നുണ്ട്. എന്നാല്‍ അതിന്റെയെല്ലാം മുന്നില്‍നിന്ന് പാര്‍ട്ടിക്ക് അനുകൂലമായ മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കാനും നേതൃത്വം ശ്രദ്ധിക്കുന്നുണ്ടെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ALSO READ: മണിക് സര്‍ക്കാരിന് നേരെ ബി.ജെ.പി ആക്രമണം

എല്ലാ ഹൈന്ദവ ഭവനങ്ങളിലുമെത്തി ശബരിമല വിഷയം ബി.ജെ.പി. ചര്‍ച്ചചെയ്യും. പ്രത്യക്ഷത്തില്‍ രാഷ്ട്രീയം കാണിക്കാത്തവരുടെ വീടുകളിലും ശബരിമല വിഷയത്തിലൂടെ കടന്നുചെല്ലാന്‍ പാര്‍ട്ടിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമര മുഖത്തുനിന്ന് ചില പ്രബല സമുദായ സംഘടനകളുമായി ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ള മാനസികാടുപ്പം മധ്യകേരളത്തില്‍ പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്നും നേതൃത്വം കരുതുന്നു.

അതേ സമയം ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രക്ഷോഭമാണ് മാര്‍ഗമെന്നും അമിത് ഷാ പറഞ്ഞു.

ശബരിമല വിഷയത്തില്‍ പ്രക്ഷോഭം നടത്തുന്ന ബി.ജെ.പി മോദി സര്‍ക്കാറിനോട് ഓഡിനന്‍സ് ഇറക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് സി.പി.ഐ.എം ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും ബി.ജെ.പി ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more