മൊറാദാബാദ്: മൊറാദാബാദില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തു. മൊറാദാബാദിലെ ബൂത്ത് നമ്പര്‍ 231ലെ ഉദ്യോഗസ്ഥനെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിന് വോട്ട് ചെയ്യാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
അതേസമയം, വോട്ടിങ് തിരിച്ചറിയല്‍ കാര്‍ഡിന് സ്ഫോടക വസ്തുക്കളേക്കാള്‍ ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അഹമ്മദാബാദില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പമാണ് മോദി വോട്ടു ചെയ്യാനെത്തിയിരുന്നത്. ഭീകരവാദത്തിന്റെ ആയുധം ഐ.ഇ.ഡിയാണ്. ജനാധിപത്യത്തിന്റെ ആയുധം വോട്ടര്‍ ഐ.ഡിയാണെന്നും മോദി പറഞ്ഞിരുന്നു.
വോട്ടിങ്ങിനെ കുംഭമേളയില്‍ മുങ്ങുന്നതിനോട് ഉപമിച്ചും മോദി സംസാരിച്ചിരുന്നു. ‘അതൊരുതരം പവിത്രതയുടെ പ്രതീതി നല്‍കുന്നു. ആര്‍ക്കാണ് വോട്ടു ചെയ്യേണ്ടതെന്ന് ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് അറിയാം’- മോദി പറയുന്നു.
ബി.ജെ.പിയെ സംബന്ധിച്ച് മോദിയുടെ ജന്മനാടായ ഗുജറാത്തിലെ വോട്ടെടുപ്പ് നിര്‍ണായകമാണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിന്നും ബി.ജെ.പി 24 ലോക്സഭാ സീറ്റുകള്‍ നേടിയിരുന്നു. ഇത്തവണയും ഈ സീറ്റുകള്‍ നിലനിര്‍ത്തുമെന്നാണ് ബി.ജെ.പി അവകാശവാദം.