കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍. രമിണ്‍ സിംഗ് എന്ന പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ജാര്‍ഗ്രാമില്‍ ആറാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. ആരോപണം തൃണമൂല്‍ നിഷേധിച്ചു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലവിലുണ്ട്. ജാര്‍ഗ്രാമടക്കം എട്ട് മണ്ഡലങ്ങളിലാണ് ബംഗാളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം, ഈസ്റ്റ് മേദിനിപൂരില്‍ രണ്ടു ബി.ജ.പി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. ആനന്ദ് ഗുജയ്ക്ക്, രഞ്ജിത് മെയ്തി എന്നിവര്‍ക്കാണ് വെടിയേറ്റത്.
വോട്ടെടുപ്പിന്റെ ആദ്യ ഘട്ടങ്ങളില്‍ സംസ്ഥാനത്ത് പലയിടത്തും ബി.ജെ.പി-തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ മുര്‍ഷിദാബാദിലെ ഭാഗ്വന്‍ഗോളയില്‍ ഒരു വോട്ടര്‍ കുത്തേറ്റു മരിച്ചിരുന്നു. പിയറുല്‍ ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. വോട്ടു ചെയ്യാനായി ക്യൂ നില്‍ക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പി ക്യാമ്പ് ഓഫീസ് കൊള്ളയടിച്ചതായും ആരോപണമുണ്ടായിരുന്നു. മോത്തിഗുഞ്ച് മേഖലയിലെ ഓഫീസ് കൊള്ളയടിച്ചെന്നായിരുന്നു ആരോപണം.
ഉത്തര്‍ദിനാജ്പൂരിലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. റായ്ഗുഞ്ചിലെ ചോപ്രയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുത്തെന്നും വോട്ടു ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് ഒരു കൂട്ടം വോട്ടര്‍മാര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.