ന്യൂദല്‍ഹി: മീററ്റില്‍ മുസ്‌ലിം കുടുംബങ്ങള്‍ താമസിക്കുന്ന 250ലേറെ വീടുകള്‍ തീയിട്ടു നശിപ്പിച്ച സംഭവത്തിനു പിന്നില്‍ പൊലീസും ബി.ജെ.പി പ്രവര്‍ത്തകരുമെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 11ന് ബി.ജെ.പി നേതാവ് ഷാഹിദ് ഭാരതി അറസ്റ്റിലായിരുന്നു. ആക്രമണം നടത്തിയ ആള്‍ക്കൂട്ടത്തെ നയിച്ചത് ഇയാളാണെന്നായിരുന്നു ആരോപണം.
ഇതിനു പിന്നില്‍ പൊലീസും ബി.ജെ.പി പ്രവര്‍ത്തകരുമാണെന്നാണ് ഈ സംഭവത്തിനുശേഷം സ്ഥലം സന്ദര്‍ശിച്ച സാമൂഹ്യ പ്രവര്‍ത്തകനായ സുശീല്‍ ഗൗതം പറഞ്ഞതെന്ന് ന്യൂസ് ക്ലിക് റിപ്പോര്‍ട്ടു ചെയ്യുന്നു.
“നേരത്തെ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പൊലീസും ബി.ജെ.പി പ്രവര്‍ത്തകരുമാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. ഇവിടെ താമസിക്കുന്നവര്‍ ഈ അടുത്തകാലത്ത് ഇവിടെ താമസമാക്കിയവരൊന്നുമല്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഡീലറോട് സ്ഥലം വങ്ങിയതാണ് ഇവര്‍. ലോക്കല്‍ പൊലീസിനൊപ്പം ഇവിടെ വന്ന കന്റോണ്‍മെന്റ് ബോര്‍ഡ് ഉദ്യോഗസ്ഥരാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്.” അദ്ദേഹം പറയുന്നു.
“ഈ മേഖലയില്‍ വീടുവെച്ച ഒരാളോട് അവര്‍ കൈക്കൂലി ചോദിച്ചു. അദ്ദേഹം പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു. അതേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഈ പദ്ധതിയില്‍ പങ്കുള്ള ചില ബി.ജെ.പി നേതാക്കളുടെ സഹായത്തോടെ ചേരി തീയിട്ട് നശിപ്പിച്ചു. ഈ അക്രമത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാന കാര്യം ചേരി കത്തിനശിപ്പിക്കപ്പെട്ടുവെന്നത് അംഗീകരിക്കാന്‍ ആദ്യം പൊലീസ് തയ്യാറായില്ലയെന്നതാണ്. എന്നാല്‍ പിന്നീട് അവര്‍ അതിന് തയ്യാറായി.” അദ്ദേഹം പറയുന്നു.
മാര്‍ച്ച് ആറിന് വൈകുന്നേരം നാലു മണിയോടെ കന്റോണ്‍മെന്റ് ബോര്‍ഡ് ഉദ്യോഗസ്ഥരും ലോക്കല്‍ പൊലീസും മീററ്റിലെ ബുസാ മാണ്ടിയില്‍ എത്തുകയായിരുന്നു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെന്നു പറഞ്ഞ് ഇവര്‍ സ്ഥലത്തെത്തിയതിനു പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തത്. കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കുനേരെ ആള്‍ക്കൂട്ടം ആക്രമണം നടത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഈ പ്രദേശത്തെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത ആക്രമണമാണിതെന്നാണ് പ്രദേശത്തെ ആക്ടിവിസ്റ്റുകള്‍ പറയുന്നത്.