ഗുവാഹത്തി: തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂടുപിടിക്കേ ബി.ജെ.പിയെ വെട്ടിലാക്കി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഏര്‍ണസ്റ്റ് മൗരി. ബീഫ് കഴിക്കുന്നതിന് രാജ്യത്ത് ആര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും താന്‍ ബീഫ് കഴിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ഞാന്‍ ബീഫ് കഴിക്കുന്ന വ്യക്തിയാണ്, പാര്‍ട്ടിക്ക് അതില്‍ യാതൊരു കുഴപ്പവുമില്ല,’ മൗരി പറഞ്ഞു.
90ശതമാനവും ക്രിസ്ത്യാനികള്‍ താമസിക്കുന്ന മേഖാലയയില്‍ ബീഫ് ബാന്‍ പോലുള്ള ബി.ജെ.പി നയങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മൗരി.
‘ഒമ്പത് വര്‍ഷമായി രാജ്യത്ത് ബി.ജെ.പി അധികാരത്തിലെത്തിയിട്ട്. ഒരു പള്ളിയും ആക്രമിക്കപ്പെടുന്നത് ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ബീഫ് കഴിക്കുന്നതിനും നിരോധനം ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല.
ഞാനും ബീഫ് കഴിക്കുന്ന വ്യക്തിയാണ്. അതിന് പാര്‍ട്ടിക്ക് യാതൊരു പ്രശ്‌നവുമില്ല,’ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റമുണ്ടാകുമെന്നും ഈ പ്രശ്‌നം ഇപ്പോഴും നടക്കുന്നുണ്ടെന്നും മൗരി പറഞ്ഞു.
‘സി.എ.എ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ സമയത്ത് ഒരു നിശ്ചിത കാലപരിധി പരാമര്‍ശിച്ചിരുന്നു. അതിന് ശേഷം വരുന്നവര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ സാധിക്കില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. സി.എ.എ നടപ്പാക്കിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടു. ഇതുവരെ രാജ്യത്ത് എവിടെയെങ്കിലും ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റം നടന്നതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഉത്തരം ഇല്ല എന്നായിരിക്കും,’ മൗരി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ഭരണപക്ഷമായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ കീഴില്‍ സംസ്ഥാനത്ത് അഴിമതി വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് മേഘാലയ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്താന്‍ തീരുമാനിച്ചിരുന്ന റാലിക്ക് പശ്ചിമ ഘാരോ ഹില്‍സ് ജില്ലയിലെ പി.എ. സാങ്മ സ്റ്റേഡിയം ഉപയോഗിക്കുന്നതിനുള്ള അനുമതിയാണ് നിഷേധിച്ചത്.
ഈ മാസം 27ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റാലിക്ക് ബി.ജെ.പി നേതൃത്വമാണ് അനുമതി തേടിയത്. എന്നാല്‍ സ്റ്റേഡിയത്തിന്റെ പണി നടന്ന് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് കായിക വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. സ്റ്റേഡിയത്തില്‍ ചില പണികള്‍ നടക്കുന്നുണ്ടെന്നും അതിന്റെ സാമഗ്രികള്‍ ഉള്‍പ്പെടെയുള്ളവ അവിടെയുണ്ടെന്നും ഇത് സുരക്ഷാപ്രശ്നമുണ്ടാക്കുമെന്നും കായികമന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി മേഘാലയ ജനങ്ങളെ കാണാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും അത് തടയാനാകില്ലെന്നും ബി.ജെ.പി ദേശീയ സെക്രട്ടറിയും ബി.ജെ.പിയുടെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളുടെ ചാര്‍ജുമുള്ള റിതുരാജ് സിന്‍ഹ പറഞ്ഞു. വേദി സ്ഥിരീകരിച്ചിട്ടില്ലെന്നും മുന്‍ തീരുമാനിച്ച പ്രകാരം റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: BJP Meghalaya state president says he eats beef and party has no problem with it