| Thursday, 13th June 2019, 8:47 am

അമിത് ഷായുടെ ഇരട്ടപ്പദവിയില്‍ തീരുമാനം ഇന്ന് ? അധ്യക്ഷപദവി ഒഴിയാന്‍ സാധ്യത കുറവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇരട്ടപ്പദവി വഹിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയാധ്യക്ഷനുമായ അമിത് ഷാ തുടരുമോ എന്ന കാര്യത്തില്‍ ഇന്നു തീരുമാനമായേക്കും. രാവിലെ 11 മണിക്ക് ദല്‍ഹിയില്‍ ചേരുന്ന ബി.ജെ.പി ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തില്‍ അമിത് ഷാ അധ്യക്ഷസ്ഥാനം ഒഴിയുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യും.

ഒറ്റപ്പദവി നയം പിന്തുടരുന്ന ബി.ജെ.പിയില്‍ കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതോടെ അധ്യക്ഷസ്ഥാനം ഒഴിയാന്‍ ഷാ നിര്‍ബന്ധിതനായിരിക്കുകയാണ്. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ രണ്ടുമാസം എടുക്കുമെന്നതിനാല്‍ അക്കാലയളവ് പൂര്‍ത്തിയാകും വരെ ഷാ തുടര്‍ന്നേക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞമാസം അമിത് ഷായുടെ അധ്യക്ഷപദവിയുടെ കാലാവധി അവസാനിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പിനു വേണ്ടി ആറുമാസം നീട്ടിനല്‍കുകയായിരുന്നു. അത് ഈ മാസം അവസാനിക്കുകയും ചെയ്യും.

ഇതിനിടയില്‍ നാലു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ കഴിയുംവരെ ഷായെ മാറ്റരുതെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുകഴിഞ്ഞു. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യോഗം വിലയിരുത്തും.

അമിത് ഷാ തുടരാനാണു സാധ്യതയെങ്കില്‍ മറ്റു സംഘടനാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു വര്‍ക്കിങ് പ്രസിഡന്റിനെ നിയോഗിക്കാമെന്ന ആലോചനയുമുണ്ട്.

അത്തരത്തില്‍ തീരുമാനമുണ്ടായാല്‍ ഷായ്ക്കു പകരം അധ്യക്ഷസ്ഥാനത്തു വരാന്‍ സാധ്യതയുള്ള മുന്‍ കേന്ദ്രമന്ത്രി ജെ.പി നഡ്ഡ തന്നെയാകും വര്‍ക്കിങ് പ്രസിഡന്റും. എന്നാല്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവിന്റെ പേരും ഈ സ്ഥാനത്തേക്കു പറഞ്ഞുകേള്‍ക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഷായുടെയും വിശ്വസ്തരാണ് നദ്ദയും ഭൂപേന്ദ്ര യാദവും. ഹിമാചലില്‍ നിന്നുള്ള രാജ്യസഭാ എം.പിയും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ ജെ.പി നഡ്ഡ പാര്‍ട്ടിയുടെ തന്ത്രജ്ഞരില്‍ ഒരാളാണ്. തെരഞ്ഞെടുപ്പില്‍ യു.പിയുടെ ചുമതലക്കാരനായിരുന്നു. മഹാസഖ്യത്തെ പരാജയപ്പെടുത്തിയതും അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താനായതും നഡ്ഡയ്ക്ക് അനുകൂലമാകും. മോദിയുടെ അഭിമാന പദ്ധതികളായ ആയുഷ്മാന്‍ ഭാരത്, സുരക്ഷിത് മാതൃത്വ അഭിയാന്‍ എന്നിവയുടെ പിന്നണിയില്‍ നഡ്ഡയുണ്ടായിരുന്നു.

രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായ ഭൂപേന്ദ്ര യാദവ് ഭരണഘടനാ തന്ത്രജ്ഞനാണ്. പത്ത് ശതമാനം സാമ്പത്തിക സംവരണം പാസാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പാര്‍ട്ടി ജനറല്‍സെക്രട്ടറിയെന്ന നിലയില്‍ മോദിയുടെ ഗുജറാത്തിന്റെയും ബീഹാറിന്റെയും ചുമതല വഹിച്ചിട്ടുണ്ട്. അമിത്ഷായുടെ അടുത്ത അനുയായിയാണ്.

മണ്ഡലം പ്രസിഡന്റ് മുതല്‍ ദേശീയാധ്യക്ഷനെ വരെ തെരഞ്ഞെടുക്കുന്ന ബി.ജെ.പിയുടെ ‘സംഘടന്‍ പര്‍വി’ന് അടുത്തമാസം തുടക്കമാകുകയും ചെയ്യും.

We use cookies to give you the best possible experience. Learn more