ന്യൂ ദല്‍ഹി: ദല്‍ഹിയിലെ അക്ബര്‍ റോഡ് അന്തരിച്ച സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്തിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മീഡിയ സെല്‍ മേധാവി. ദല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന് എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
‘ഇന്ത്യയുടെ ആദ്യത്തെ സംയുക്തസൈനിക മേധാവിയുടെ ഓര്‍മകള്‍ എക്കാലവും നിലനില്‍ക്കുന്നതിനായി ദല്‍ഹിയിലെ അക്ബര്‍ റോഡ് ബിപിന്‍ റാവത്തിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യണം. ഇത് അദ്ദേഹത്തിനുള്ള യഥാര്‍ത്ഥ ആദരാഞ്ജലിയാവുമെന്നാണ് ഞാന്‍ കരുതുന്നത്,’ കൗണ്‍സിലിനെഴുതിയ കത്തില്‍ ബി.ജെ.പി മീഡിയ സെല്‍ മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാല്‍ കത്തില്‍ ആവശ്യപ്പെടുന്നു.
അക്ബര്‍ ഈ രാജ്യത്തേക്ക് അതിക്രമിച്ചുകയറിയ ആളാണെന്നും രാജ്യത്തെ തന്നെ പ്രധാനമായ റോഡിന് ഇത്തരമൊരു കടന്നുകയറ്റക്കാരന്റെ പേരല്ല നല്‍കേണ്ടതെന്നും, ബിപിന്‍ റാവത്തിന്റെതായിരിക്കണമെന്നും ജിന്‍ഡാല്‍ കത്തില്‍ പറയുന്നു.
താന്‍ വ്യക്തിപരമായി ഈ ആവശ്യത്തിന് പിന്തുണ നല്‍കുന്നു എന്നായിരുന്നു ന്യൂ ദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍.ഡി.എം.സി) വൈസ് ചെയര്‍പേഴ്‌സണായ സതീഷ് ഉപാധ്യായ പറഞ്ഞത്. ഇതിന് സമാനമായ ഒരുപാട് ആവശ്യങ്ങള്‍ താന്‍ സമൂഹമാധ്യമങ്ങളില്‍ കണ്ടിരുന്നുവെന്നും എന്നാല്‍ അവസാനമായി തീരുമാനമെടുക്കേണ്ടത് എന്‍.ഡി.എം.സി ആണെന്നും ഉപാധ്യായ കൂട്ടിച്ചേര്‍ത്തു.
ദല്‍ഹിയിലെ വി.വി.ഐ.പി മേഖലയിലുള്ള റോഡാണ് അക്ബര്‍ റോഡ്. ഇന്ത്യ ഗേറ്റ് റൗണ്ട്ബൗട്ട് മുതല്‍ മൂര്‍ത്തി റൗണ്ട്എബൗട്ട് വരെയുള്ള പാതയാണ് അക്ബര്‍ റോഡ്. കോണ്‍ഗ്രസ് ഓഫീസും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയും ഈ റോഡിലാണ്.
ഇതാദ്യമായല്ല അക്ബര്‍ റോഡിന്റെ പേര് മാറ്റണമെന്ന ആവശ്യമുയരുന്നത്. മഹാറാണാ പ്രതാപ് റോഡ് എന്ന് പേര് മാറ്റണമെന്നായിരുന്നു മുമ്പ് ഉയര്‍ന്നിരുന്ന ആവശ്യം.
പലതവണ റോഡിന്റെ സൈന്‍ബോര്‍ഡ് വികൃതമാക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. ‘ഹേമു വിക്ര മാദിത്യ മാര്‍ഗ്’ എന്ന പോസ്റ്റര്‍ പതിച്ചായിരുന്നു ഹിന്ദു സേന പ്രവര്‍ത്തകര്‍ റോഡിന്റെ പേരിനെതിരെ പ്രതിഷേധിച്ചത്.