ന്യൂദല്‍ഹി: എ.ഐ.ഡി.എം.കെയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ബി.ജെ.പി നിരന്തരം ഇടപ്പെടുകയാണെന്ന് ദിനകരന്‍ പക്ഷ നേതാവ് വി പുഗഴെന്തി. തങ്ങളുടെ ക്യാമ്പിലുള്ളവരെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതതായി ആരോപിച്ച നേതാവ് എന്തിനാണ് എ.ഐ.ഡി.എം.കെയുടെ ആന്തരിക കാര്യങ്ങളില്‍ ഇടപെടുന്നതെന്ന് മോദിയോട് ചോദിക്കുകയും ചെയ്തു.
ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പുഗഴെന്തി മോദിക്കും ബി.ജെ.പി നേതൃത്വത്തിനുമെതിരെ രംഗത്തെത്തിയത്. “എന്തിനാണ് എ.ഐ.ഡി.എം.കെയുടെ ആന്തരിക കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാനുള്ളത്” അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ചിഹ്നവുമായി ബന്ധപ്പെട്ട് പളനിസ്വാമി-പനീര്‍സെല്‍വം പക്ഷവുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കുമോ എന്നു സംശയമുള്ളതായും അദ്ദേഹം പറഞ്ഞു.
“തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാക്കള്‍ ഞങ്ങളെ റെയിഡ് ചെയ്യും എന്നു ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിയുടെ പിന്തുണയോടെ അധികാരം കൈയിലുള്ള എ.ഐ.ഡി.എം.കെ വിഭാഗവും ഞങ്ങളുടെമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്.” അദ്ദേഹം പറഞ്ഞു.
മോദി കൂടെയുള്ളിടത്തോളം ഒരാള്‍ക്കും എ.ഐ.ഡി.എം.കെയെ അനക്കാന്‍ സാധിക്കില്ലെന്ന് പളനി സ്വാമി പക്ഷ മന്ത്രിയായ രാജേന്ദ്ര ബാലാജി പ്രസംഗിച്ചിരുന്നത് ബി.ജെ.പിയും പളനി സ്വാമി വിഭാഗവും തമ്മിലുള്ള ബന്ധമാണെന്ന് പറഞ്ഞ പുഗഴെന്തി പനീര്‍സെല്‍വം തന്നെ പാര്‍ട്ടി വിഷയങ്ങള്‍ മോദിയുമായി സംസാരിച്ചതായി പല തവണ സമ്മതിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.