കൊല്‍ക്കത്ത: 2007ലെ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി തെളിവില്ലെന്ന് പറഞ്ഞ് കോടതി വെറുതെ വിട്ട സ്വാമി അസീമാനന്ദിനെ ബി.ജെ.പി തെരഞ്ഞെടുപ്പു പ്രചരണത്തിന് ഇറക്കുന്നു. ഇതുസംബന്ധിച്ച് അസീമാനന്ദയുയി ചര്‍ച്ച നടത്തിയതായി മുന്‍ ആര്‍.എസ്.എസ് പ്രചാരകനും ബി.ജെ.പിയുടെ ബംഗാള്‍ പ്രസിഡന്റുമായ ദിലീപ് ഘോഷ് പറഞ്ഞു.
“എനിക്കദ്ദേഹത്തെ കാലങ്ങളായി അറിയാം. ഞാനദ്ദേഹത്തോട് മുമ്പ് സംസാരിച്ചിരുന്നു. ബംഗാളിലെ സ്ഥിതി മോശമാണെന്നും പറഞ്ഞിരുന്നു. ഇവിടെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ ഞങ്ങള്‍ക്കാവശ്യമുണ്ട്. അദ്ദേഹം അതിനു സമ്മതിച്ചു. ഇപ്പോള്‍ അദ്ദേഹം കുറ്റവിമുക്തനായിരിക്കുന്നു. അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ഇവിടെ കാമ്പെയ്ന്‍ നടത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പിനായുള്ള പ്രചരണത്തില്‍ അദ്ദേഹം സംസാരിക്കും.” ഘോഷ് പറഞ്ഞു.
“അദ്ദേഹത്തിന് വലിയ സംഘാടനശേഷിയും വര്‍ഷങ്ങളായി ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ പരിചയവുമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ബംഗാളിലെ ആദിവാസി മേഖലയില്‍ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താന്‍ അദ്ദേഹം പ്രവര്‍ത്തിക്കും. ആദിവാസികള്‍ ഇതിനകം തന്നെ ഞങ്ങള്‍ക്കൊപ്പമുണ്ട്. അദ്ദേഹത്തിന്റെ സംഘാടന ശക്തികൊണ്ട് പാര്‍ട്ടിക്ക് കൂടുതല്‍ നേട്ടമുണ്ടാകും.” അദ്ദേഹം പറഞ്ഞു.
നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഉടന്‍ അസീമാനന്ദ് ബംഗാളിലെത്തുമെന്നാണ് ബി.ജെ.പി പറയുന്നു. പ്രചരണ വേളയില്‍ ഗ്രാമീണ മേഖലയില്‍ അദ്ദേഹം പര്യടനം നടത്തുമെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം പറയുന്നു. ബംഗാളിലെ അദ്ദേഹത്തിന്റെ പര്യടനം ബി.ജെ.പി ഇതിനകം തന്നെ പദ്ധതിയിട്ടു കഴിഞ്ഞു.
ബംഗാളിലെ ഹൂഗ്ലി ജില്ലയിലാണ് നബകുമാര്‍ സര്‍ക്കാര്‍ എന്ന സ്വാമി അസീമാനന്ദ. തിങ്കളാഴ്ചയാണ് മക്ക മസ്ജിദ് കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള കോടതി വിധി വന്നത്.