തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്കടുപ്പിക്കാനായി ബി.ജെ.പി ആസൂത്രണം ചെയ്ത ഗൃഹ സന്ദര്‍ശനം പെരുന്നാള്‍ ദിനത്തില്‍ ഉണ്ടാകാനിടയില്ലെന്ന് സൂചന. ഈസ്റ്ററിന് ക്രിസ്ത്യന്‍ സഭാ നേതാക്കളെ സന്ദര്‍ശിച്ചത് പോലെ ഇസ്‌ലാം മത നേതാക്കളെ സന്ദര്‍ശിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തുന്ന യുവം പരിപാടിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് സുരേന്ദ്രന്റെ പരാമര്‍ശം. ഈസ്റ്ററിന് ക്രിസ്ത്യന്‍ പുരോഹിതരെ സന്ദര്‍ശിച്ചത് ആരുടെയും തീരുമാനപ്രകാരമല്ലെന്നും സ്വാഭാവികമായ ഗൃഹസന്ദര്‍ശനങ്ങള്‍ ഇനിയും തുടരുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.
എന്നാല്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്കിടയില്‍ നിന്ന് ലഭിച്ചത് പോലുള്ള പ്രതികരണം മുസ്‌ലിങ്ങള്‍ക്കിടയില്‍ നിന്ന് ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതെന്നാണ് പുറത്ത് വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍. മാത്രമല്ല മുസ്‌ലിം വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നതായും അതിനാലാണ് നേരത്തെ തീരുമാനിച്ചുറപ്പിച്ച പരിപാടിയില്‍ നിന്ന് പിന്‍മാറാന്‍ ബി.ജെ.പി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്കടുപ്പിക്കുന്നതിന്റെ ഭാഗമായി ഈസ്റ്റര്‍ ദിനത്തില്‍ ബി.ജെ.പി നേതാക്കള്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരെ സന്ദര്‍ശിച്ചിരുന്നു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദദുള്ള കുട്ടി, നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവര്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെയും, തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി. മുരളീധരനും, വി.വി രാജേഷും അടങ്ങുന്ന സംഘം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയെയും സന്ദര്‍ശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ചെറിയ പെരുന്നാള്‍ ദിനത്തിലും സമാനമായി മുസ്‌ലിം വീടുകളും പള്ളി ഇമാമുമാരെയും സന്ദര്‍ശിക്കുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചത്.
അതേസമയം വന്ദേഭാരത് ഉദ്ഘാടനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കോണ്‍ഗ്രസും, സി.പി.ഐ.എമ്മും ഭയക്കുകയാണെന്ന് വാര്‍ത്ത സമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു. യുവം പരിപാടി വിപുലമായ രീതിയില്‍ സംഘടിപ്പിക്കുമെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷന്‍ ധൈര്യമുണ്ടെങ്കില്‍ മോദിയോട് ചോദ്യം ചോദിക്കാന്‍ യുവാക്കളെ പങ്കെടുപ്പിക്കാന്‍ സി.പി.ഐ.എമ്മിനെ വെല്ലുവിളിക്കുകയും ചെയ്തു.
Content Highlight: BJP may not conduct any programs in eid