| Thursday, 13th January 2022, 3:27 pm

ബി.ജെ.പിക്ക് ശ്രീനാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം, ഗുരുവിന് അയിത്തം കല്‍പ്പിച്ച തീരുമാനം കേന്ദ്രം മാറ്റണം: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിക്കുന്നതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്‍. റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം പ്രതികരണമറിയിച്ചത്. ശ്രീനാരായണ ഗുരുവിന് അയിത്തം കല്‍പ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു.

‘തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത്,’ അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയ്ക്ക് ശ്രീ നാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം. എന്നുവെച്ച് മഹാനായ നവോത്ഥാന നായകനെ ഈ വിധത്തില്‍ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

നിശ്ചല മോഡലില്‍ ശങ്കരാചര്യരുടെ പ്രതിമ വെക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നെന്നും കേരളം ശ്രീനാരായണ ഗുരുവിന്റെ പ്രതിമ വെക്കാമെന്നറിയിച്ച മോഡല്‍ സമര്‍പ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘റിപ്പബ്ലിക് ദിന പരേഡില്‍ കേരളം നല്‍കിയ നിശ്ചല ദൃശ്യത്തിന്റെ മോഡലില്‍, സ്ത്രീ സുരക്ഷയെന്ന ആശയം മുന്‍നിര്‍ത്തി ജടായുപ്പാറയിലെ പക്ഷിശില്‍പ്പവും ചുണ്ടന്‍ വള്ളവുമാണ് ഉണ്ടായിരുന്നത്. ശങ്കരാചാര്യരുടെ പ്രതിമ ഇതിന് മുന്നില്‍ വെക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. കേരളം ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍ വെക്കാമെന്ന് അറിയിച്ച് അതിന്റെ മോഡല്‍ സമര്‍പ്പിച്ചു.

ഈ നിശ്ചലദൃശ്യം ഉള്‍പ്പെടുത്താമെന്ന് അധികൃതര്‍ പറയുകയും അന്തിമ ചുരുക്കപ്പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തുകയും ചെയ്തതായിരുന്നു. എന്നാല്‍, രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു,’ കോടിയേരി പറയുന്നു.

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിക്കുന്നു. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത്.

റിപ്പബ്ലിക് ദിന പരേഡില്‍ കേരളം നല്‍കിയ നിശ്ചല ദൃശ്യത്തിന്റെ മോഡലില്‍, സ്ത്രീ സുരക്ഷയെന്ന ആശയം മുന്‍നിര്‍ത്തി ജടായുപ്പാറയിലെ പക്ഷിശില്‍പ്പവും ചുണ്ടന്‍ വള്ളവുമാണ് ഉണ്ടായിരുന്നത്. ശങ്കരാചാര്യരുടെ പ്രതിമ ഇതിന് മുന്നില്‍ വെക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. കേരളം ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍ വെക്കാമെന്ന് അറിയിച്ച് അതിന്റെ മോഡല്‍ സമര്‍പ്പിച്ചു. ഈ നിശ്ചലദൃശ്യം ഉള്‍പ്പെടുത്താമെന്ന് അധികൃതര്‍ പറയുകയും അന്തിമ ചുരുക്കപ്പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തുകയും ചെയ്തതായിരുന്നു.

എന്നാല്‍, രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.
ബി ജെ പി യ്ക്ക് ശ്രീ നാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം. എന്നുവെച്ച് മഹാനായ നവോത്ഥാന നായകനെ ഈ വിധത്തില്‍ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ശ്രീനാരായണ ഗുരുവിന് അയിത്തം കല്‍പ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം തിരുത്താന്‍ കേന്ദ്രം തയ്യാറാവണം. റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്റെ, ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം ഉള്‍പ്പെടുത്തണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: BJP may not accept Sreenarayana Guru, Center should reverse Guru’s untouchability decision: Kodiyeri

We use cookies to give you the best possible experience. Learn more