| Monday, 6th May 2019, 12:13 pm

ലോക്‌സഭയില്‍ ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതയില്ലെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്. ബ്ലൂംബര്‍ഗിനു നല്‍കിയ അഭിമുഖത്തിലാണ് സഖ്യകക്ഷികളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ബി.ജെ.പിക്ക് ഭരണം നിലനിര്‍ത്താനാവൂവെന്ന് രാം മാധവ് പറഞ്ഞത്.

ബി.ജെ.പിക്ക് വന്‍ഭൂരിപക്ഷം ലഭിക്കുമെന്ന ബി.ജെ.പി നേതാവും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെന്നുവരുടെ അവകാശവാദത്തെയാണ് രാംമാധവ് തള്ളിയത്.

‘ബി.ജെ.പിക്ക് ഒറ്റയ്ക്ക് 271 സീറ്റുകള്‍ ലഭിച്ചാല്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാകും. എന്‍.ഡി.എയുടെ പിന്തുണയോടെ ഞങ്ങള്‍ക്ക് വേണ്ട ഭൂരിപക്ഷം ലഭിക്കും’ എന്നാണ് രാംമാധവ് പറഞ്ഞത്.

2014ല്‍ ബി.ജെ.പിയെ സഹായിച്ച ഉത്തരേന്ത്യയില്‍ ഇത്തവണ പാര്‍ട്ടി കനത്ത തിരിച്ചടി നേരിടുമെന്നാണ് രാംമാധവിന്റെ വിലയിരുത്തല്‍. അതേസമയം പശ്ചിമബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് നേട്ടം കൊയ്യാനാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ബി.ജെ.പി വികസന പദ്ധതികള്‍ തുടരുമെന്നും രാംമാധവ് അവകാശപ്പെട്ടു.

ആറ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങൡലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളിലാണ് ഏറ്റവുമധികം പോളിങ് റിപ്പോര്‍ട്ട് ചെയ്തത്. 14.85% പോളിങ്ങാണ് ഇവിടെ നടന്നത്.

രാജസ്ഥാനിലും ജാര്‍ഖണ്ഡിലും 13%ത്തിലേറെ വോട്ടിങ് രേഖപ്പെടുത്തി. യു.പിയില്‍ 10%ത്തോട് അടുക്കുന്നതേയുള്ളൂ. 1%ത്തില്‍ താഴെയാണ് ജമ്മുകശ്മീരിലെ പോളിങ്.

We use cookies to give you the best possible experience. Learn more