| Tuesday, 5th June 2018, 6:45 pm

അദ്വാനിയേയും ജോഷിയേയും വീണ്ടും മത്സരിപ്പിക്കാന്‍ ഒരുങ്ങി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും വീണ്ടും മത്സരിപ്പിക്കാനൊരുങ്ങി ബി.ജെ.പി. എന്‍.ഡി.എയ്‌ക്കെതിരെ പ്രതിപക്ഷം ഐക്യപ്പെട്ടേക്കുമെന്ന സൂചനയെത്തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കളെ വീണ്ടും കളത്തിലിറക്കാന്‍ മോദിയും അമിത് ഷായും ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ച അദ്വാനിയെ അധികാരകേന്ദ്രങ്ങളിലേക്ക് തെരഞ്ഞെടുത്തിരുന്നില്ല. ബി.ജെ.പിയുടെ ഉന്നതാധികാര സമിതിയായ പാര്‍ലമെന്ററി ബോര്‍ഡിലേക്കും അദ്വാനിയെ പരിഗണിച്ചിരുന്നില്ല. പകരം മാര്‍ഗ് ദര്‍ശക് മണ്ഡല്‍ എന്ന പുതിയ ബോഡി രൂപീകരിച്ചെങ്കിലും ഇതുവരെ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല. നരേന്ദ്രമോദി, അമിത് ഷാ, രാജ്‌നാഥ് സിംഗ്, അദ്വാനി, ജോഷി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

ALSO READ:  ‘അത്തരത്തിലുള്ള പരിപാടിയൊന്നും ഇവിടെ നടത്താന്‍ പറ്റില്ല’; നാഗ്പൂരിലെ ആസ്ഥാനത്ത്‌ ഇഫ്താര്‍ വിരുന്ന് നടത്തണമെന്ന രാഷ്ട്രീയ മുസ്‌ലിം മഞ്ചിന്റെ അപേക്ഷ തള്ളി ആര്‍.എസ്.എസ്

ടി.ഡി.പി എന്‍.ഡി.എ വിടുകയും ശിവസേനയും ജെ.ഡി.യുവും ഇടഞ്ഞ് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാന്‍ നേതൃത്വം നിര്‍ബന്ധിതരാകുന്നത്. മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാത്തതിനാല്‍ ശത്രുഘനന്‍ സിന്‍ഹയും യശ്വന്ത് സിന്‍ഹയും അടക്കമുള്ളവര്‍ ബി.ജെ.പി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.

യശ്വന്ത് സിന്‍ഹ ബി.ജെ.പിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രായത്തിന്റെ കാര്യത്തില്‍ ഇളവ് നല്‍കിയാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more