| Wednesday, 28th October 2020, 1:27 pm

രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബി.ജെ.പി. തെരഞ്ഞെടുപ്പ് ചട്ടലംഘനമാരോപിച്ചാണ് ബി.ജെ.പിയുടെ നീക്കം. ബീഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ച ശേഷവും രാഹുല്‍ മഹാഗദ്ബന്ധന് വേണ്ടി വോട്ട് തേടിയെന്ന് ആരോപിച്ചാണ് ബി.ജെ.പി രംഗത്തെത്തിയത്.

ഇന്ന് രാവിലെയായിരുന്നു രാഹുല്‍ ഗാന്ധി മഹാഗദ്ബന്ധന് വോട്ട് ചെയ്യണമെന്ന ആവശ്യവുമായി ട്വീറ്റ് ചെയ്തത്.

നീതി, തൊഴില്‍, മാറ്റം എന്നിവയ്ക്കായി മഹാഗദ്ബന്ധന്‍ സഖ്യത്തെ പിന്തുണയ്ക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.

‘നീതിയ്ക്കും തൊഴിലിലിനും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമായി വിനിയോഗിക്കേണ്ട സമയമാണ് ഇത്. നിങ്ങളുടെ ഓരോ വോട്ടും മഹാഗദ്ബന്ധന് വേണ്ടിയായിരിക്കണം. ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

രാഷ്ട്രീയക്കാരും രാഷ്ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. രാഹുല്‍ അത് ലംഘിച്ചെന്നാണ് ബി.ജെ.പി ആരോപിച്ചിരിക്കുന്നത്.

ബീഹാറില്‍ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. 243 അസംബ്ലി മണ്ഡലങ്ങളിലെ 73 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. രാവിലെ 7 മണിക്കാണ് പോളിങ് ആരംഭിച്ചത്.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും ഒരുമിച്ചാണ് മത്സരിക്കുന്നത്. എന്‍.ഡി.എയില്‍ ഉണ്ടായിരുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ഒറ്റയ്ക്കാണ് തെരഞ്ഞടുപ്പിനെ നേരിടുന്നത്.

ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ഒരുമിച്ചാണ് ബീഹാറില്‍ പോരാട്ടത്തിനിറങ്ങുന്നത്.

പപ്പു യാദവിന്റെ നേതൃത്വത്തില്‍ പ്രോഗ്രസീവ് ഡെമോക്രാറ്റിക്ക് അലയന്‍സും ബീഹാറില്‍ മത്സരിക്കുന്നുണ്ട്. പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി ലോക് താന്ത്രിക്, ചന്ദ്രശേഖര്‍ ആസാദ് രാവണിന്റെ ആസാദ് സമാജ് പാര്‍ട്ടി, പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഘാഡി, എസ്.ഡി.പി.ഐ തുടങ്ങിയ പാര്‍ട്ടികളാണ് പ്രോഗ്രസീവ് ഡെമോക്രാറ്റിക്ക് സഖ്യത്തിലുള്ളത്.

നവംബര്‍ 3, 7 തീയ്യതികളിലായാണ് അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കുക. നവംബര്‍ 10ന് ബീഹാര്‍ ആരു ഭരിക്കുമെന്ന് അറിയാം.

Content Highlight: BJP may approach EC over Rahul Gandhi tweet seeking votes for Mahagathbandhan on polling day

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more